സെപ്തംബര്‍ വരെ കേരളം കാണാനെത്തിയത് ഒരു കോടി 33 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകള്‍; റെക്കോഡ് നേട്ടം
കോവിഡാനന്തര ടൂറിസത്തില്‍ കേരളം വലിയ കുതിപ്പ് നടത്തുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു
തിരുവനന്തപുരം: ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവില്‍ റെക്കോഡ് നേട്ടത്തില്‍ കേരളം. ഈ വർഷം സെപ്തംബര്‍ വരെ ഒരു കോടി 33 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. കോവിഡാനന്തര ടൂറിസത്തില്‍ കേരളം വലിയ കുതിപ്പ് നടത്തുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദത്തില്‍ കേരളത്തിലേക്ക് എത്തിയത് 1,33,80,000 ആഭ്യന്തര ടൂറിസ്റ്റുകള്‍. കോവിഡിന് മുന്‍പുള്ളതിനെക്കാള്‍ 1.49 ശതമാനവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 196 ശതമാനവും കൂടുതല്‍. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത്, 28,93,961 പേര്‍. തിരുവനന്തപുരത്ത് 21,46,969 പേരും ഇടുക്കിയില്‍ 17,85,276 പേരും ഈ കാലയളവില്‍ ആഭ്യന്തര ടൂറിസ്റ്റുകളായെത്തി. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്.
കോവിഡ് കാലത്ത് ആരംഭിച്ച കാരവന്‍ പദ്ധതി കൂടുതല്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായി ബോള്‍ഗാട്ടിയിലും കുമരകത്തും കാരവന്‍ പാര്‍ക്കുകള്‍ തുടങ്ങും. ബേപ്പൂരില്‍ തുടക്കമിട്ട കടല്‍പ്പാലം പദ്ധതി എട്ട് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ ഏകോപിപ്പിച്ച് മികച്ചതാക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പൊന്‍മുടിയിലേക്കുള്ള റോഡ് പണി വേഗത്തിലാക്കി സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16