Quantcast

പെണ്ണ് ഭരിച്ചാല്‍ എന്താ കുഴപ്പം? നിയമസഭയിലേക്ക് 11 വനിതാ എംഎല്‍എമാര്‍

ഇടത് മുന്നണിയില്‍ നിന്ന് 10 പേരും യുഡിഎഫില്‍ നിന്ന് ഒരു വനിതയുമാണ് ഇത്തവണ നിയമസഭയിലെത്തുന്നത്

MediaOne Logo

Sithara S

  • Updated:

    2021-05-03 02:47:39.0

Published:

3 May 2021 2:29 AM GMT

പെണ്ണ് ഭരിച്ചാല്‍ എന്താ കുഴപ്പം? നിയമസഭയിലേക്ക് 11 വനിതാ എംഎല്‍എമാര്‍
X

പെണ്ണ് ഭരിച്ചാല്‍ എന്താ കുഴപ്പമെന്ന് കഴിഞ്ഞ നിയമസഭയില്‍ ചോദിച്ചത് ആരോഗ്യമന്ത്രി കെ കെ ശൈലജയാണ്. കെ എം ഷാജിയുടെ ഒരു പരാമര്‍ശത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. പെണ്ണ് ഭരിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്ന് ജനങ്ങളും സമ്മതിച്ചു. സംസ്ഥാനത്തെ തന്നെ ഇത്തവണത്തെ റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് ശൈലജ ടീച്ചര്‍ നിയമസഭയിലെത്തുന്നത്. 60963 ആണ് ശൈലജ ടീച്ചറുടെ ഭൂരിപക്ഷം.

ഇടത് മുന്നണിയില്‍ നിന്ന് 10 പേരും യുഡിഎഫില്‍ നിന്ന് ഒരു വനിതയുമാണ് ഇത്തവണ നിയമസഭയിലെത്തുന്നത്. കെ കെ ശൈലജയ്‌ക്കൊപ്പം വീണാ ജോർജ്‌, യു പ്രതിഭ, ആർ ബിന്ദു, ഒ എസ്‌ അംബിക, കെ ശാന്തകുമാരി, കാനത്തിൽ ജമീല, ജെ ചിഞ്ചുറാണി, ദലീമ ജോജോ, സി കെ ആശ എന്നിവരാണ്‌ എല്‍ഡിഎഫിന്‍റെ വനിതാ എംഎൽഎമാർ. വടകരയിൽ നിന്ന്‌ വിജയിച്ച കെ കെ രമ മാത്രമാണ്‌ ഏക യുഡിഎഫ്‌ വനിതാ എംഎല്‍എ.

ആറന്മുളയില്‍ 13,853 വോട്ടിനാണ് രണ്ടാം തവണ വീണാ ജോര്‍ജ് വിജയിച്ചത്. യുഡിഎഫിലെ ശിവദാസന്‍ നായരായിരുന്നു വീണയുടെ എതിരാളി. കഴിഞ്ഞ തവണ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോര്‍ജ് ആറന്മുളയില്‍ നിന്ന് വിജയിച്ചത്. കായംകുളത്ത് നിന്ന് വിജയിച്ച യു പ്രതിഭയ്ക്കും ഇത് രണ്ടാമൂഴമാണ്. യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ 6,270 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്.


കൊയിലാണ്ടിയില്‍ നിന്ന് യുഡിഎഫിലെ എന്‍ സുബ്രഹ്മണ്യനെ പരാജയപ്പെടുത്തി 7431 വോട്ടിനാണ് കാനത്തില്‍ ജമീല വിജയിച്ചത്. നിലവില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാണ് കാനത്തില്‍ ജമീല. അരൂരിനെ വീണ്ടും ചുവപ്പിച്ചിരിക്കുകയാണ് ദലീമ ജോജോ. യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംഎല്‍എയുമായ ഷാനിമോള്‍ ഉസ്മാനെയാണ് ദലീമ പരാജയപ്പെടുത്തിയത്. നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റാണ് ദലീമ. വൈക്കം മണ്ഡലം സി കെ ആശ ഇത്തവണയും നിലനിര്‍ത്തി. സ്ത്രീസ്ഥാനാര്‍ഥികള്‍ തമ്മിലായിരുന്നു ഇവിടെ മത്സരം. കോണ്‍ഗ്രസിലെ പി ആര്‍ സോനയാണ് ഇവിടെ രണ്ടാമതെത്തിയത്.

ഇരിങ്ങാലക്കുടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടനെയും എന്‍ഡിഎ സ്ഥാനാര്‍ഥി ജേക്കബ് തോമസിനെയും പിന്തള്ളിയാണ് ആര്‍ ബിന്ദുവിന്‍റെ വിജയം. ആറ്റിങ്ങലില്‍ നിന്ന് ഒ എസ് അംബികയുടെ ജയം 31636 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ്. ബിജെപിയുടെ പി സുധീറാണ് ഇവിടെ രണ്ടാമതെത്തിയത്. കൊല്ലം ചടയമംഗലത്ത് നിന്നും 10923 വോട്ടിനാണ് ചിഞ്ചുറാണിയുടെ വിജയം. യുഡിഎഫിന്റെ എം എം നസീറിനെയാണ് പരാജയപ്പെടുത്തിയത്. കെ ശാന്തകുമാരി 3214 വോട്ടിനാണ് കോങ്ങാട് നിന്ന് വിജയിച്ചത്. യു സി രാമനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

യുഡിഎഫിന് കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ഒരു വനിതാ എംഎല്‍എ മാത്രം. വടകരയില്‍ നിന്ന് മത്സരിച്ച ആര്‍എംപി നേതാവ് കെ കെ രമ 7491 വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. 2016ല്‍ വടകരയില്‍ മത്സരിച്ച രമ 20504 വോട്ട് നേടിയിരുന്നു.


കഴിഞ്ഞ സഭയിൽ എൽഡിഎഫിന് എട്ട്‌ വനിതാ എംഎൽഎമാരാണ്‌ ഉണ്ടായിരുന്നത്‌. ഇതിൽ രണ്ട് പേർ മന്ത്രിസ്ഥാനവും വഹിച്ചു. ആരോഗ്യ വകുപ്പിനെ കെ കെ ശൈലജയും ഫിഷറീസ്‌ വകുപ്പിനെ ജെ മേഴ്‌സിക്കുട്ടിയമ്മയും നയിച്ചു. മേഴ്‌സികുട്ടിയമ്മ ഇത്തവണയും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ 15 വനിതകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി ജനവിധി തേടിയത്.

യുഡിഎഫിനായി 12 വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. പി കെ ജയലക്ഷ്‌മി, പദ്മജ വേണുഗോപാൽ, ബിന്ദു കൃഷ്‌ണ ഉൾപ്പെടെയുള്ളവര്‍. 25 വർഷത്തിന്‌ ശേഷം മുസ്‍ലിം ലീഗ്‌ കോഴിക്കോട്‌ സൗത്തിൽ മത്സരിപ്പിച്ച നൂർബിന റഷീദും പരാജയപ്പെട്ടു. വനിതകള്‍ക്ക് യുഡിഎഫ് അര്‍ഹമായ പ്രാധാന്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് സ്വതന്ത്രയായി മത്സര രംഗത്തുണ്ടായിരുന്നു. ഏറ്റുമാനൂരിൽ സ്വതന്ത്രയായാണ് മത്സരിച്ചത്. ശോഭ സുരേന്ദ്രൻ ഉള്‍പ്പെടെ ബിജെപി സ്ഥാനാര്‍ഥികളായ 20 സ്ത്രീകളും പരാജയപ്പെട്ടു. 140 അംഗ സഭയില്‍ അര്‍ഹമായ സ്ത്രീപ്രാതിനിധ്യം ഇത്തവണയും ഇല്ല എന്നാണ് കണക്കില്‍ നിന്ന് വ്യക്തമാകുന്നത്.

TAGS :

Next Story