മരണം കാത്തു കിടന്ന കോണത്ത് പുഴയ്ക്ക് പുതുജീവന്‍ നല്‍കി നാട്ടുകാര്‍
മരണം കാത്തു കിടന്ന കോണത്ത് പുഴയ്ക്ക് പുതുജീവന്‍ നല്‍കി നാട്ടുകാര്‍
17 കിലോമീറ്റര്‍ നീളം വരുന്ന പുഴ ശുചീകരിക്കാന്‍ സിപിഐ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്
പുല്ലും മാലിന്യങ്ങളുമടിഞ്ഞ് ഒഴുക്ക് നിലച്ചൊരു പുഴയെ വീണ്ടെടുക്കാന്‍ എത്ര കോടി രൂപ വേണ്ടി വരും? കോടികളൊന്നും വേണ്ട ലക്ഷങ്ങള്‍ മതിയെന്ന് തൃപ്പൂണിത്തുറയിലെത്തിയാല്‍ മനസിലാകും. മരണം കാത്തുകിടന്ന കോണത്ത് പുഴയെ ജനകീയ പുഴശുചീകരണ പദ്ധതിയിലൂടെ വീണ്ടെടുത്തിരിക്കുകയാണ് ഇവിടെ.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കോണത്ത് പുഴ ഇങ്ങനെയായിരുന്നു. പോളപ്പായലും പുല്ലും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്കില്ലാത്ത അവസ്ഥ...കറുത്തിരുണ്ട പുഴയിലിറങ്ങാന്‍ പോലും ആളുകള്‍ മടിച്ചു. ഈയൊരു സാഹചര്യത്തിലാണ് 17 കിലോമീറ്റര്‍ നീളം വരുന്ന പുഴ ശുചീകരിക്കാന്‍ സിപിഐ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. ആഗസ്ത് ഒന്നിന് ആരംഭിച്ച ജനകീയ പുഴശുചീകരണം ഇതിനകം 10 കിലോമീറ്റര്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനുള്ള തുക കണ്ടെത്തിയത് നാട്ടുകാരുടെ സംഭാവനകളിലൂടെയും.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് കെട്ടുവള്ളങ്ങളും വഞ്ചികളുമൊക്കെ പോയിരുന്ന കോണത്ത് പുഴ പതിനായിരങ്ങളുടെ ജല സ്രോതസ്സായിരുന്നു. അക്കാലത്ത് മേഖലയിലെ നെല്‍കൃഷി ആശ്രയിച്ചിരുന്നത് ഈ പുഴയെയാണ്. പിന്നീട് അറവുമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് ഇവിടൊരു പുഴയുണ്ടായിരുന്നുവെന്ന് പറയേണ്ട അവസ്ഥയിലായി. എന്നാല്‍ നാട്ടുകാര്‍ കുളിപ്പിച്ച് ഈറനുടുപ്പിച്ചതോടെ കോണത്ത് പുഴ പുനര്‍ജനിച്ചിരിക്കുകയാണ്. ഗാന്ധിജയന്തി ദിനത്തില്‍ കോണത്ത് പുഴയില്‍ ജലോത്സവവും നടത്തുന്നുണ്ട്.
Adjust Story Font
16