Quantcast

യുഡിഎഫില്‍ തുടരുമോ? കേരള കോണ്‍ഗ്രസ് പ്രഖ്യാപനം അല്‍പസമയത്തിനകം

MediaOne Logo

Sithara

  • Published:

    3 May 2017 7:29 AM GMT

യുഡിഎഫില്‍ തുടരുമോ? കേരള കോണ്‍ഗ്രസ് പ്രഖ്യാപനം അല്‍പസമയത്തിനകം
X

യുഡിഎഫില്‍ തുടരുമോ? കേരള കോണ്‍ഗ്രസ് പ്രഖ്യാപനം അല്‍പസമയത്തിനകം

യു‍ഡിഎഫില്‍ നിന്നും കോണ്‍‍ഗ്രസില്‍ നിന്നും അകലുന്നതായി നിലപാട് വ്യക്തമാക്കിയ കെ എം മാണി ഇന്ന് അതുസംബന്ധിച്ചുള്ള പ്രഖ്യാപനം ചരല്‍കുന്നില്‍ നടത്തും.

കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക രാഷ്ട്രീയ തീരുമാനം അല്‍പസമയത്തിനകം കെ എം മാണി പ്രഖ്യാപിക്കും. ചരല്‍കുന്ന് ക്യാമ്പ് സെന്ററില്‍ ഉച്ചയോടെ സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആകാന്‍ ക്യാമ്പില്‍ തീരുമാനമായി. ഇതുസംബന്ധിച്ച പ്രഖ്യാപനമാകും കെ എം മാണി നടത്തുക. മുന്നണി ബന്ധമില്ലാതെ സ്വതന്ത്രമായി നില്‍ക്കാനും കേരള കോണ്‍ഗ്രസ് തീരുമാനിച്ചേക്കും.

ഇന്നലെ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി നടത്തിയ പ്രസംഗം അണികളിലും ചിന്ത പരത്തി. ഒപ്പം ജോസ് കെ മാണിയടക്കമുള്ള ജനപ്രതിനിധികള്‍ ക്യാംപ് പ്രതിനിധികളോട് സാഹചര്യവും തീരുമാനങ്ങളും വിശദീകരിച്ചു. അവഗണന സഹിച്ച് ഇനിയും മുന്നണിയില്‍ തുടരേണ്ടെന്നാണ് ഒരു പടികൂടി കടന്ന് അണികള്‍ ജില്ല തിരിഞ്ഞുള്ള ചര്‍ച്ചകളില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു ഭരിക്കുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും പിന്തുണ പിന്‍വലിക്കണമെന്ന് പ്രതിനിധികള്‍ക്കിടയില്‍ അഭിപ്രായമുണ്ടായി. എന്നാല്‍ ഇതു സംബന്ധിച്ച് കെ എം മാണിയും പാര്‍ട്ടി നേതൃത്വവും കരുതലോടെ മാത്രമേ തീരുമാനം കൈക്കൊള്ളു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകാനുള്ള തീരുമാനത്തിന് പി ജെ ജോസഫ് വിഭാഗം കൈപൊക്കിയതും അത്തരമൊരു നീക്കം നടത്തില്ലെന്ന കെ എം മാണിയുടെ ഉറപ്പിന്‍മേലാണ്. അതുകൊണ്ടുതന്നെ വിഷയത്തില്‍ ഇന്നും ഗൌരവമേറിയ ചര്‍ച്ചകള്‍ നടക്കും.

സംയമനം വെടിഞ്ഞ് സ്വരം കടുപ്പിച്ച് രമേശ് ചെന്നിത്തലയും വി എം സുധീരനും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ രംഗത്തെത്തിയതോടെ ഇനിയും ഓരു സമവായ ചര്‍ച്ചകള്‍ക്കുള്ള വഴിയടഞ്ഞു. നിന്ദയും പരീക്ഷണവും നേരിട്ട് മടുത്തെന്ന് ഇന്നലെ കെ എം മാണി യുഡിഎഫിനോടും കോണ്‍ഗ്രസിനോടും തുറന്നടിച്ചിരുന്നു. പ്രശ്നാധിഷ്ഠിത പിന്തുണ, അഥവാ വലതു ഇടതു മുന്നണികളോട് സമദൂരം എന്ന സ്വതന്ത്രനിലപാടാകും കേരളാ കോണ‍്‍ഗ്രസ് എം സ്വീകരിക്കുകയെന്നും കെ എം മാണി മുന്നണി ബന്ധം സംബന്ധിച്ച് ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. യുഡിഎഫിനോടുള്ള ബന്ധം എങ്ങനെയാകണമെന്ന കെ എം മാണിയുടെ പ്രഖ്യാപനം ഉച്ചയ്ക്കുശേഷം ഉണ്ടാകും.

TAGS :

Next Story