തെരുവുനായകളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വൃദ്ധന്‍ മരിച്ചു
തെരുവുനായകളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വൃദ്ധന്‍ മരിച്ചു
തെരുവുനായയുടെ കടിയേറ്റ് വര്‍ക്കല ചരുവിള വീട്ടില്‍ രാഘവനാണ് മരിച്ചത്
തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു മനുഷ്യജീവന്‍ പൊലിഞ്ഞു. വര്‍ക്കലയില്‍ 90 വയസുകാരനെയാണ് തെരുവ് നായകള്‍ കൂട്ടത്തോടെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുലര്‍ച്ചെ നാലരയോടെയാണ് വീട്ടിലെ സിറ്റൌട്ടില്‍ ഉറങ്ങിക്കിടന്ന വര്‍ക്കല സ്വദേശി രാഘവനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. സിറ്റൌട്ടില്‍ നിന്ന് രാഘവനെ നായ്ക്കള്‍ പുറത്തേക്ക് വലിച്ചിഴച്ചു. മുഖത്തും കൈയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രദേശത്ത് തെരുവ് നായശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഒരു സ്ത്രീയെയും തെരുവ്നായ കടിച്ചിരുന്നു.
പാപനാശത്തിന് സമീപം റോഡിലൂടെ നടന്ന് പോകുകയായിരുന്ന വിദേശ വനിതയെയും തെരുവ് നായ ആക്രമിച്ചു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുകയാണ്. ഇതിനിടെ കോഴിക്കോട് രണ്ടു വയസുകാരിക്കും തെരുവുനായയുടെ കടിയേറ്റു. റംഷാദിന്റെ മകള്‍ ഫാത്തിമ നസ്രയക്കാണ് കടിയേറ്റത്. ഉച്ചക്ക് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ നായ ആക്രമിക്കുകയായിരുന്നു. സമീപത്തുള്ള കുട്ടിയുടെ അമ്മയാണ് രക്ഷപ്പെടുത്തിയത്. മുഖത്തും നെഞ്ചിനും കടിയേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
അതേസമയം തെരുവ്നായ ശല്യം ഇല്ലാതാക്കുന്നതില്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ കുറ്റപ്പെടുത്തി.
വര്‍ക്കലയില്‍ നായ്ക്കളുടെ കടിയേറ്റ് മരിച്ച വൃദ്ധന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി കെടി ജലീല്‍. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രൊജക്ട് നടപ്പിലാക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16