കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കും പിളര്‍പ്പിനും സാക്ഷ്യം വഹിച്ച ചരല്‍ക്കുന്ന് ക്യാമ്പ് സെന്റര്‍
കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കും പിളര്‍പ്പിനും സാക്ഷ്യം വഹിച്ച ചരല്‍ക്കുന്ന് ക്യാമ്പ് സെന്റര്‍
ചരിത്രം മയങ്ങുന്ന ചരല്‍ക്കുന്ന് വീണ്ടും കേരളാ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങളുടെ വേദിയാവുകയാണ്
കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കും ഒപ്പം നിരവധി പിളര്‍പ്പുകള്‍ക്കും സാക്ഷ്യം വഹിച്ച ഇടമാണ് ചരല്‍ക്കുന്നിലെ ക്യാമ്പ് സെന്റര്‍. ഒരിക്കല്‍കൂട്ടി ചരല്‍ക്കുന്ന് രാഷ്ട്രീയ കേരളത്തിന്റ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. ചരിത്രം മയങ്ങുന്ന ചരല്‍ക്കുന്ന് വീണ്ടും കേരളാ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങളുടെ വേദിയാവുകയാണ്.
1979-ല്‍ കെ.എം മാണിയുടെയും പിജെ ജോസഫിന്റെയും അനുയായികള്‍ കടുത്ത ഭിന്നതയെത്തുടര്‍ന്ന് ചരല്‍ക്കുന്ന് ക്യാമ്പില്‍ വെച്ച് പരസ്പരം ഏറ്റുമുട്ടുകയും പിന്നീടത് പിളര്‍പ്പായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. കോരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ചരില്‍ക്കുന്നിന് സുപ്രധാന ഇടം നല്‍കിയ രാഷ്ട്രീയ സംഭവമായി അത് മാറി . പൂഞ്ഞാറിന്റെ സ്വന്തം പിസി ജോര്‍ജാണ് അന്ന് പി.ജെ ജോസഫിനായി പടനയിച്ചത്. 1969-ല്‍ സണ്‍ഡേ സ്കൂള്‍ സമാജത്തിനായി മാര്‍ത്തോമ്മ സഭയുടെ കീഴില്‍ ആരംഭിച്ചതാണ് ചരല്‍ക്കുന്നിലെ ക്യാന്പ് സെന്റര്‍. രാഷ്ട്രീയ സാമൂഹിക വേദിയായി മാറിയതോടെ ചരല്‍ക്കുന്നിന്റെ തലവര തെളിഞ്ഞു. 1975-ജൂണിലെ അടിയന്തരാവസ്ഥയുടെ തൊട്ട് മുന്‍പ് ഫെബ്രുവരിയില്‍ കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനത്തിനും ചരല്‍ക്കുന്ന് വേദിയായി. ഗ്രൂപ്പ് തിരിഞ്ഞുള്ള സംഘര്‍ഷങ്ങള്‍ക്ക് പ്രസിദ്ധമാണ് കെഎസ് യു സ്ഥിരമായി നടത്താറുള്ള ചരല്‍ക്കുന്നിലെ ക്യാമ്പ്. ഒരോ വര്‍ഷത്തെയും സംസ്ഥാന ക്യാമ്പുകള്‍ കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് തുടക്കമിട്ടു. ടി എം ജേക്കബ് മുതല്‍ പി.സി തോമസ് വരെ കേരളാ കോണ്‍ഗ്രസ് നേതൃനിരയിലുളളവര്‍ ചരല്‍ക്കുന്നില്‍ വെച്ചാണ് തെന്നിപ്പിളരുകയും പുതിയ പാര്‍ട്ടികള്‍ രൂപീകരിക്കുകയുമൊക്കെ ചെയ്തത്. കെഎം മാണി ആദ്യമായി അധ്വാന വര്‍ഗ സിദ്ധാന്തത്തിന്റെ ആദ്യരൂപമവതരിപ്പിച്ചതും, ജോസ് കെ മാണി രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവട് വെച്ചതും ചരല്‍ക്കുന്നില്‍ വെച്ച് തന്നെ. ഇവിടം കൊണ്ടൊന്നും ചരല്‍ക്കുന്ന് ചരിതങ്ങള്‍ അവസാനിക്കുന്നില്ല. യുഡിഎഫിനെ കലുഷിതമാക്കുന്ന പുതിയ വിവാദത്തിലും ചരല്‍ക്കുന്ന് തന്നെയാണ് താരം.
Adjust Story Font
16