കൊടുംചൂട്: ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ മരണം 111 ആയി
കൊടുംചൂട്: ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ മരണം 111 ആയി
സൂര്യാഘാതത്തെ തുടര്‍ന്ന് ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 111 ആയി.
സൂര്യാഘാതത്തെ തുടര്‍ന്ന് ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 111 ആയി. തെലങ്കാനയില്‍ 66 പേരും ആന്ധ്രയില്‍ 45 പേരുമാണ് മരിച്ചത്. ദുരന്ത നിവരാണ വകുപ്പാണ് മരണം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.
തെലങ്കാനയിലെ മെഹബൂബ് നഗര്‍ ജില്ലയിലാണ് ഏറ്റവും അധികം പേര്‍ മരിച്ചത്. 28 പേര്‍ക്ക് കൊടുംചൂടില്‍ ഇവിടെ ജീവന്‍ നഷ്ടമായി. മേധക് ജില്ലയില്‍ 11 പേരും നിസാമാബാദില്‍ 7 പേരും ഖമം, കരിംനഗര്‍ എന്നീ ജില്ലകളില്‍ 5 പേര്‍ വീതവും അദിലാബാദിലും വാറങ്കലിലും നാല് പേര്‍ വീതവും മരിച്ചു. എന്നാല്‍ ഹൈദരാബാദിലും സമീപ ജില്ലയായ രങ്ക റെഡ്ഡി ജില്ലയിലും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസാണ്.
വൈഎസ്ആര്‍ കഡപ്പ ജില്ലയിലാണ് ആന്ധ്രയില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 16 പേര്‍ സൂര്യാഘാതത്തില്‍ ഇവിടെ മരിച്ചു. പ്രകാശം ജില്ലയില്‍ 11, അനന്തപൂരില്‍ 4, വിജയനഗരം, ചിറ്റൂര്‍, കുര്‍നൂല്‍ എന്നിവിടങ്ങളില്‍ 3 വീതം, ശ്രീകാകുളത്തും കൃഷ്ണയിലും രണ്ട് പേര്‍ വീതം, പടിഞ്ഞാറന്‍ ഗോദാവരിയില്‍ 1 എന്നിങ്ങനെയാണ് മരണസംഖ്യ.
കര്‍ഷകരും പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുമാണ് മരിച്ചവരില്‍ ഏറെയും. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 3 മണി വരെ ജോലി ചെയ്യരുതെന്നും പുറത്തിറങ്ങി നടക്കരുതെന്നും ദുരന്ത നിവാരണ വകുപ്പ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പൊതുസ്ഥലങ്ങളില്‍ ഒആര്‍എസ് ലായനി വിതരണം ചെയ്യല്‍, സൂര്യാഘാതത്തെ കുറിച്ച് ബോധവല്‍ക്കരണം തുടങ്ങിയവ ഇതിനകം ഈ സംസ്ഥാനങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉഷ്ണക്കാറ്റില്‍ ഈ രണ്ട് സംസ്ഥാനങ്ങളിലുമായി 2000 പേരാണ് മരിച്ചത്.
Adjust Story Font
16