Quantcast

മണ്ണ് വില്‍പനക്കാരനില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവം; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെയും സംഘത്തെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

MediaOne Logo

admin

  • Published:

    18 March 2018 9:58 AM GMT

മണ്ണ് വില്‍പനക്കാരനില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവം; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെയും സംഘത്തെയും ഇന്ന് കോടതിയില്‍ ഹാജരാക്കും
X

മണ്ണ് വില്‍പനക്കാരനില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവം; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെയും സംഘത്തെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

സലിം കുമാറിന്റെ കയ്യിലുണ്ടായിരുന്ന ഇരുപത്തിനാലായിരം രൂപയും മൊബൈല്‍ ഫോണും ശ്രീജിത്തും സംഘവും പിടിച്ചെടുത്തുവെന്നാണ് പരാതി

മണ്ണ് വില്‍പനക്കാരനില്‍ നിന്ന് പണം തട്ടിയെടുത്തെന്ന പരാതിയില്‍ അറസ്റ്റിലായ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെയും സംഘത്തെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. മണ്ണ് വില്‍പനക്കാരനായ കൊല്ലം സ്വദേശി സലിം കുമാറിനെ തിരുവനന്തപുരം കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തിയാണ് ജിയോളജിസ്റ്റ് ശ്രീജിത്തും സംഘവും ആക്രമിച്ചത്. സലിം കുമാറിന്റെ കയ്യിലുണ്ടായിരുന്ന ഇരുപത്തിനാലായിരം രൂപയും മൊബൈല്‍ ഫോണും ശ്രീജിത്തും സംഘവും പിടിച്ചെടുത്തുവെന്നാണ് പരാതി.

കൊല്ലത്ത് ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി മണ്ണ് വില്‍പന നടത്തുകയാണ് സലിം കുമാര്‍. സലിമിന്റെ മണ്ണ് വ്യവസായത്തെ ജിയോളജിസ്റ്റായ പേരൂര്‍ക്കട സ്വദേശി ശ്രീജിത്ത് സഹായിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ പിരിയുകയും ശ്രീജിത്ത് ട്രാന്‍സ്ഫര്‍ ആയി പത്തനംതിട്ടയിലേക്ക് മാറി. പുതിയ ജിയോളജിസ്റ്റിന്റെ നന്പര്‍ ആണെന്ന് കരുതി സലീം ശ്രീജിത്തിനെ വിളിച്ചു. തന്നെ കുറിച്ച് അപവാദം പറഞ്ഞ സലിമിനോടുള്ള പക തീര്‍ക്കാനാണ് ശ്രീജിത്ത് കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തിയത്. ഓട്ടോറിക്ഷയിലെത്തിയ സലീമിനെ കഴക്കൂട്ടം വെട്ടുറോഡ് റെയില്‍വെ ഗേറ്റിന് സമീപത്തുള്ള കെട്ടിടത്തില്‍ വെച്ചാണ് ആക്രമണം നടത്തിയത്.

വ്യാഴാഴ്ച രാത്രിയാണ് ശ്രീജിത്തിനെയും സുഹൃത്ത് ആയുര്‍വേദ ഡോക്ടറായ സംഗീത്, കൊല്ലം സ്വദേശി ശ്രീകുമാര്‍, കഴക്കൂട്ടം സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അജിത്ത്, കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, ശാരീരികമായി കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. കസ്റ്റഡിയിലെടുത്തവരെ ഇന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.

TAGS :

Next Story