Quantcast

പരവൂര്‍ വെടിക്കെട്ട് അപകടം: സര്‍ക്കാറിന്റെ തുടര്‍ നടപടികള്‍ വിവാദത്തില്‍

MediaOne Logo

admin

  • Published:

    8 May 2018 10:58 AM GMT

പരവൂര്‍ വെടിക്കെട്ട് അപകടം: സര്‍ക്കാറിന്റെ തുടര്‍ നടപടികള്‍ വിവാദത്തില്‍
X

പരവൂര്‍ വെടിക്കെട്ട് അപകടം: സര്‍ക്കാറിന്റെ തുടര്‍ നടപടികള്‍ വിവാദത്തില്‍

പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തുടര്‍ നടപടികള്‍ രാഷ്ട്രീയ വിവാദമാകുന്നു.

പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തുടര്‍ നടപടികള്‍ രാഷ്ട്രീയ വിവാദമാകുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തെയും സര്‍ക്കാരിന്റെ നടപടികളെയും വിമര്‍ശിച്ച് സിപിഎം രംഗത്തെത്തി. കൊല്ലം ജില്ലാ കളക്ടറെ പ്രതിക്കൂട്ടിലാക്കാനുളള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. വിഷയം രാഷ്ട്രീയവത്കരിച്ച് നേട്ടം കൊയ്യാനുളള പ്രതിപക്ഷ നീക്കം തരംതാണതാണെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികരിച്ചു.

പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട വിവിഐപി സന്ദര്‍ശന വിവാദത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തുടര്‍നടപടികളെ വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരിക്കുന്നത്. പരവൂര്‍ വെടിക്കെട്ട് നിരോധിച്ച കൊല്ലം ജില്ലാ കളക്ടറെ പ്രതിക്കൂട്ടിലാക്കാനുളള സര്‍ക്കാര്‍ നീക്കം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കളക്ടര്‍ക്കെതിരെ അന്വേഷണം നടത്താനുളള തീരുമാനം സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയെയും വെളളപൂശാനുളള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി.

അതേസമയം, ദുരന്തങ്ങളെ രാഷ്ട്രീയവത്കരിച്ച് നേട്ടമുണ്ടാക്കാനുളള സിപിഎം നീക്കം തരംതാണതെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. അടിസ്ഥാനമില്ലാത്ത ആരോണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ സിപിഎം സ്വയം അധപതിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സംഭവം രാഷ്ട്രീയ വല്‍ക്കരിക്കുന്നത് അപലപനീയമാണെന്നും കൂട്ടിച്ചേര്‍ത്തു. ദുരന്തത്തെ രാഷ്ട്രീയായുധമാക്കി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുളള നീക്കത്തിലാണ് രാഷ്ട്രീയ കക്ഷികള്‍.

TAGS :

Next Story