കോണ്‍ഗ്രസിനെതിരെ കടുത്ത തീരുമാനങ്ങളുമായി മാണി വിഭാഗം
നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്നേക്കും; യുഡിഎഫ് വിടണമെന്നതടക്കമുള്ള ചര്‍ച്ചകളും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസിനെതിരെ കടുത്ത തീരുമാനമെടുക്കുന്ന കാര്യം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം സജീവമായി ചര്‍ച്ച ചെയ്യുന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള നീക്കങ്ങളാണ് സജീവം. യുഡിഎഫ് വിടണമെന്നതടക്കമുള്ള ചര്‍ച്ചകളും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി ജൂലൈ 17-ന് സ്റ്റിയറിംഗ് കമ്മിറ്റിയും, ആഗസ്റ്റില്‍ നേതൃക്യാമ്പും ചേരും.
ബാര്‍ക്കോഴയില്‍ കെ എം മാണിയെ കോണ്‍ഗ്രസ് കെണിയില്‍ പെടുത്തിയതാണന്ന പൊതുവികാരം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്ന കാര്യം ആലോചിക്കുന്നത്. യുഡിഎഫ് വിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ കമ്മറ്റികളില്‍ ഭൂരിഭാഗവും യുഡിഎഫില്‍ നിന്ന് പുറത്തുവരണമെന്ന ആവശ്യക്കാരാണ്. നിലപാട് ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയെ അറിയിച്ചിട്ടുമുണ്ട്.
വേഗത്തില്‍ യുഡിഎഫ് വിടാതെ കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം പ്രകടപ്പിക്കാന്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിക്കുള്ളില്‍ മൂന്‍തൂക്കം. എങ്കിലും എല്ലാ സാധ്യതകളും പരിശോധിക്കാനാണ് കെ.എം മാണിയുടെ തീരുമാനം. ഇതിനായി ഈ മാസം 17-ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരും. ആഗസ്റ്റ് ആറ്,ഏഴ് തീയതികളില്‍ ചരല്‍ക്കുന്നില്‍ വെച്ച് നേതൃ ക്യാമ്പും വിളിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ യൂത്ത് ഫ്രണ്ട് മാണി വിഭാഗം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് പരാതി നല്‍കിയത് പാര്‍ട്ടി നേത്യത്വത്തിന്റെ അറിവോടെയാണന്ന് വ്യക്തമായിട്ടുണ്ട്. പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയില്‍ കോണ്‍ഗ്രസിനെതിരെ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടതും കടുത്ത നിലപാടിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണന്നാണ് സൂചന. മാണി വിഭാഗത്തിന്റെ യുഡിഎഫിനെതിരെയുള്ള നീക്കത്തോട് പി.ജെ ജോസഫിനൊപ്പമുള്ളവര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്.
Adjust Story Font
16