Quantcast

ജിഷ കൊലക്കേസ്: പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു

MediaOne Logo

admin

  • Published:

    14 May 2018 4:26 PM GMT

ജിഷ കൊലക്കേസ്:  പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു
X

ജിഷ കൊലക്കേസ്: പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കുന്നതിനുമായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷയും നല്‍കും.

ജിഷ വധക്കേസിലെ പ്രതി അമിറുല്‍ ഇസ്ലാമിനെ സാക്ഷി ശ്രീലേഖ തിരിച്ചറിഞ്ഞു. കാക്കാനാട് ജില്ല ജയിലില്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. കേസിലെ മറ്റ് സാക്ഷികള്‍ പ്രതിയെ തിരിച്ചറിയുന്നതിനായി തുടര്‍ന്നുള്ള ദിവസങ്ങളിലും തിരിച്ചറിയല്‍ പരേഡ് നടക്കും.

കാക്കനാട് ജില്ല ജയിലില്‍ വൈകിട്ട് മൂന്നിന് കുന്നുംപുറം മജിസ്ട്രേറ്റ് ഷിബു ഡാനിയേലിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. ഇതര സംസ്ഥാനക്കാരായ മറ്റ് പത്ത് തടവുകാര്‍ക്കൊപ്പം അമിറുല്‍ ഇസ്ലാമിനെയും നിര്‍ത്തിയായിരുന്നു തെളിവെടുപ്പ്. നിരതെറ്റിച്ച് നിര്‍ത്തിയ രണ്ടാം വട്ടവും സാക്ഷി ശ്രീലേഖ അമിറുല്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞു. ഇത് അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ണായക തെളിവാണ്. ജിഷ കൊല്ലപ്പെട്ട ദിവസം വൈകിട്ട് മഞ്ഞ ഷര്‍ട്ട് ധരിച്ച യുവാവ് ജിഷയുടെ വീട്ടില്‍ നിന്നിറങ്ങി കനാല്‍ വഴി പോകുന്നത് കണ്ടതായി അയല്‍ വാസിയായ ശ്രീലേഖ നേരത്തെ മൊഴി നല്‍കിയിരുന്നു.

അമിറുല്‍ ഇസ്ലാമിനോടൊപ്പം വാടക മുറിയില്‍ ഉണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ സുജല്‍, മുനവര്‍ അലി, കെട്ടിട ഉടമ ജോര്‍ജ്ജ്, ചെരുപ്പ് കടക്കാരന്‍ അടക്കം 7 ഓളം സാക്ഷികളുടെ പട്ടികയാണ് അന്വേഷണ സംഘം കോടതിയില്‍ നല്‍കിയിരുന്നത്. മുഖ്യ സാക്ഷി ശ്രീലേഖ ഒഴികെ ഉള്ളവര്‍ക്കായിതുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് തിരുമാനം. അമിറുല്‍ ഇസ്ലാമിനെ നാളെ പെരുന്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇതിനായുള്ള പ്രൊഡക്ഷന്‍ വാറണ്ട് അന്വേഷണ സംഘം ജയില്‍ അധികൃതര്‍ക്ക് കൈമാറും.

നാളെ തന്നെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ കോടതിയില്‍ നല്‍കും. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടയശേഷം കൂടുതല്‍ തെളിവെടുപ്പ് നടത്തും. കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധം അടക്കമുള്ള
നിര്‍ണായക തെളിവുകള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തായാകുന്നത് വരെ പ്രതിയുടെ മുഖം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദ്ദേശം

TAGS :

Next Story