Quantcast

തര്‍ക്കം തീര്‍ന്നു; കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും

MediaOne Logo

Sithara

  • Published:

    22 May 2018 10:15 PM GMT

തര്‍ക്കം തീര്‍ന്നു; കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും
X

തര്‍ക്കം തീര്‍ന്നു; കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും

ഹൈകമാന്‍ഡിന്‍റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് പട്ടികയില്‍ അതൃപ്തി അറിയിച്ച എംപിമാരടക്കമുള്ളവര്‍ നേതൃത്വത്തോട് വ്യക്തമാക്കി.

കെപിസിസി ഭാരവാഹിക പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ചതോടെയാണ് ഇത്. നിലവിലെ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് സൂചന. ഹൈകമാന്‍ഡിന്‍റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് പട്ടികയില്‍ അതൃപ്തി അറിയിച്ച എംപിമാരടക്കമുള്ളവര്‍ നേതൃത്വത്തോട് വ്യക്തമാക്കി.

പലകുറി വെട്ടലും തിരുത്തലും നടത്തിയശേഷമാണ് 282 പേരുടെ പട്ടിക ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കെപിസിസി നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറിയത്. എന്നാല്‍ പുതിയ പട്ടികയ്ക്കെതിരെയും എംപിമാരടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ ഹൈകമാന്‍ഡും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഒടുവില്‍ കേരളത്തിന്‍റെ ചുമതലയുള്ള മുകള്‍ വാസ്നിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് നേതൃത്വം നല്‍കുന്ന മുല്ലപ്പള്ളി രാമചന്ദ്രനും നേതാക്കളുമായി നടത്തിയ അവസാനവട്ട ചര്‍ച്ചയിലാണ് പട്ടികയ്ക്ക് അന്തിമരൂപമായത്.

പുതിയ പട്ടികയിലെ ചിലരെ ഒഴിവാക്കി പകരം പുതിയ ആളുകളെ നിയമിച്ച് ചെറിയ മാറ്റത്തോടെയാകും പട്ടികയ്ക്ക് അംഗീകാരം നല്‍കുകയെന്നാണ് സൂചന. നേരത്തെ അതൃപ്തി രേഖപ്പെടുത്തിയ എംപിമാരും ഹൈക്കമാന്‍റ് എടുക്കുന്ന ഏത് തീരുമാനത്തേയും അംഗീകരിക്കാമെന്ന് അറിയിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായത്. കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി കൈമാറുന്ന പട്ടികയ്ക്ക് ഇനി ഹൈകമാന്‍ഡിന്‍റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. പട്ടിക ഇനിയും തള്ളുകയാണെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന നിലപാടിലേക്ക് സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകളും എത്തിച്ചേര്‍ന്നിരുന്നു.

പുതിയ പട്ടികയില്‍ 146 പുതുമുഖങ്ങളുണ്ടെന്നാണ് സൂചന. യുവാക്കള്‍ക്കും വനിതകള്‍ക്കും ദലിത്, പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. പട്ടികയില്‍ ഇടംപിടിച്ച 282 പേര്‍ക്ക് പുറമെ മുന്‍ കെപിസിസി അധ്യക്ഷന്‍മാരും പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിന്ന് 15 എംഎല്‍എമാരും ഭാരവാഹികളാവും. പട്ടിക അംഗീകരിച്ചശേഷം പുതിയ അംഗങ്ങളുടെ യോഗം ചേര്‍ന്ന് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്കും തുടക്കമാവും.

TAGS :

Next Story