മാറാട് കേസ് അന്വേഷിക്കാമെന്ന് സിബിഐ; സ്വാഗതം ചെയ്ത് ലീഗ്
മാറാട് കേസ് അന്വേഷിക്കാമെന്ന് സിബിഐ; സ്വാഗതം ചെയ്ത് ലീഗ്
സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെങ്കില്‍ പുറത്ത് വരേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി
രണ്ടാം മാറാട് കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചതോടെ ഒരിടവേളക്ക് ശേഷം മാറാട് സംഭവങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രണ്ടാം മാറാട് കലാപം സിബിഐ അന്വേഷിക്കുന്നതിന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തേ അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സന്നദ്ധമായിരുന്നില്ല.
രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗൂഢാലോചനയും സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊളക്കാടന്‍ മൂസഹാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2002ല്‍ നടന്ന ഒന്നാം മാറാട് കലാപത്തിന്റെ പ്രതികാരമെന്ന നിലയില്‍ ഏറെ ആഴത്തിലുള്ള ഗൂഢാലോചനയുടെ ഫലമായാണ് 2003 ല്‍ രണ്ടാം മാറാട് കലാപം നടന്നതെന്നാണ് ഹരജിക്കാരന്‍റെ വാദം. ഈ ഹരജി പരിഗണിച്ചപ്പോഴാണ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.
സംഭവത്തില്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും സംഘപരിവാര്‍ സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെടുന്നതാണ്. സിപിഎമ്മും ഈ ആവശ്യം ഉന്നയിച്ചിരുന്നു. മാറാട് നടന്ന രണ്ട് കലാപങ്ങളും സിബിഐ അന്വേഷിക്കണമെന്നാണ് മുസ്ലിം ലീഗിന്‍റെ നിലപാട്. അന്വേഷണത്തിന് സന്നദ്ധമാണെന്ന സിബിഐ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലിഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
റോ, ഐബി, ഡിആര്‍ഐ തുടങ്ങിയ ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് വേണ്ടതെന്ന് സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എസ് പി പ്രദീപ്കുമാര്‍ പ്രതികരിച്ചു. 2003 മെയ് രണ്ടിന് നടന്ന രണ്ടാം മാറാട് കലാപത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്.
രണ്ടാം മാറാട് കലാപത്തില്‍ സിബിഐ അന്വേഷണം വരാനുള്ള സാധ്യത കൂടിയതോടെ വിഷയം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Adjust Story Font
16