ശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിപക്ഷത്തിന് പങ്കുണ്ടോയെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
മുദ്രാവാക്യം വിളി ഇരുവിഭാഗങ്ങളും തമ്മിലുള്ള കയ്യാങ്കളിയുടെ വക്കിലെത്തിയെങ്കിലും മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് രംഗം തണുപ്പിച്ചു
ശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിപക്ഷത്തിന് പങ്കുണ്ടോയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. കുപിതരായ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിരോധവുമായി ഭരണപക്ഷ അംഗങ്ങളും നടുത്തളത്തിലെത്തി. മുദ്രാവാക്യം വിളി ഇരുവിഭാഗങ്ങളും തമ്മിലുള്ള കയ്യാങ്കളിയുടെ വക്കിലെത്തിയെങ്കിലും മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് രംഗം തണുപ്പിച്ചു. ഇതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. പ്രശ്നപരിഹാരത്തിനായി കക്ഷിനേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തിയെങ്കിലും മുഖ്യമന്ത്രി വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നു. പ്രതിപക്ഷത്തിന്‍റെ പെരുമാറ്റം കണ്ടപ്പോഴാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നത്തേക്ക് സഭ ബഹിഷ്കരിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടു വന്ന ജലം തടഞ്ഞ് ഗുണ്ടകള്‍ റോഡില്‍ ഒഴുക്കിയത് സദാചാര ഗുണ്ടായിസത്തിന് പൊലീസ് കുടപിടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയതോടെയാണ് സംഭവ പരന്പരയുടെ തുടക്കം. കോണ്‍ഗ്രസിലെയും ലീഗിലെയും അംഗങ്ങളാണ് വെള്ളം തടഞ്ഞതെന്ന ആരോപണവുമായി ഗുരുവായൂര്‍ എംഎല്‍എ അബ്ദുള്‍ ഖാദര്‍ രംഗതെത്തി. പൊതുവെയുള്ള സദാചാര ഗുണ്ടായിസത്തെക്കുറിച്ചാണ് പറഞ്ഞതെന്നും ഇതില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള ഭരണകക്ഷി എംഎല്‍എയുടെ ശ്രമം അപലപനീയമാണെന്നും ചെന്നിത്തല മറുപടി പറഞ്ഞു. ഇതിലിടപ്പെട്ട് സംസാരിച്ചപ്പോഴാണ് ഗുരുവൂയൂര്‍ സംഭവത്തിലെ പ്രതിപക്ഷ പങ്ക് കേള്‍ക്കുന്പോള്‍ കൊച്ചിയില്‍ ഇന്നലെ നടന്ന ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിന് പിന്നിലും പ്രതിപക്ഷമുണ്ടോയെന്ന സംശയമുയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
Adjust Story Font
16