ഉപതെരഞ്ഞെടുപ്പ്: ഏഴിടത്ത് എല്‍ഡിഎഫിന് ജയം
ഉപതെരഞ്ഞെടുപ്പ്: ഏഴിടത്ത് എല്‍ഡിഎഫിന് ജയം
യുഡിഎഫ് അഞ്ചിടത്തും ബിജെപി മൂന്നിടത്തും ജയിച്ചു.
സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഏഴിടത്ത് എല്‍ഡിഎഫിന് ജയം. യുഡിഎഫ് അഞ്ചിടത്തും ബിജെപി മൂന്നിടത്തും ജയിച്ചു. നാല് വാര്‍ഡുകള്‍ യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു. ഉദുമ ഡിവിഷനില്‍ വിജയിച്ച യു ഡി എഫ് കാസര്‍കോട് ജില്ലാപഞ്ചായത്ത് ഭരണം നിലനിറുത്തി.
ആലപ്പുഴ ജില്ലയിലെ പാലമേല്‍ ഗ്രാമപഞ്ചായത്തിലെ അടിക്കാട്ടുകുളങ്ങര ടൌണ്‍ വാര്‍ഡ്‍, ഇടുക്കിയിലെ കൊക്കയാര്‍ പഞ്ചായത്തിലെ മുളങ്കുന്ന് വാര്‍ഡ്, തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാര്‍ഡ്, വെട്ടൂര്‍ പഞ്ചായത്തിലെ അക്കരവിള വാര്‍ഡ് എന്നിവ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡ് ബിജെപി നിലനിറുത്തി. കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഉദുമ വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസ് പാദൂര്‍ വിജയിച്ചു. കുഞ്ഞാമു ഹാജിയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര വാര്‍ഡ് ബിജെപിയില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം ജില്ലയിലെ മണര്‍കാട് രണ്ടാംവാര്‍ഡ് യുഡിഎഫില്‍ നിന്ന് ബിജെപി പിടിച്ചെടുത്തോടെ മൂന്നിടത്ത് ബിജെപി ജയിച്ചു.
Adjust Story Font
16