സ്ഥാനാര്‍ഥികളായി; മലപ്പുറം പ്രചാരണച്ചൂടിലേക്ക്
സംഘപരിവാര്‍ വര്‍ഗീയതയെ വെല്ലുവിളിക്കാന്‍ കെല്‍പുള്ള രാജ്യത്തെ ഏകമുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നതാണ് സിപിഎമ്മിന്റെ പ്രധാന പ്രചാരണ വിഷയം
പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികളായതോടെ മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക്. ന്യൂനപക്ഷം നേരിടുന്ന ഫാഷിസ്റ്റ് വെല്ലുവിളികളെ പ്രതിരോധിക്കുന്ന പാര്‍ട്ടി നിലപാടാണ് സിപിഎം പ്രധാന പ്രചാരണ വിഷയമാക്കുക. ന്യൂനപക്ഷത്തിനു നേരെ പിണറായി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസുകള്‍ ഉയര്‍ത്തിക്കാട്ടിയാകും ലീഗ് ഇതിനെ പ്രതിരോധിക്കുക.
കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകും മലപ്പുറം ഉപതെരഞ്ഞെടുപ്പെന്ന് സിപിഎം പ്രഖ്യാപിച്ചുകഴിഞ്ഞു. സംഘപരിവാര്‍ വര്‍ഗീയതയെ വെല്ലുവിളിക്കാന്‍ കെല്‍പുള്ള രാജ്യത്തെ ഏകമുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നതാണ് സിപിഎമ്മിന്റെ പ്രധാന പ്രചാരണ വിഷയം. മംഗലാപുരത്ത് ആര്‍എസ്എസിനെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസംഗം സിപിഎം ഉയര്‍ത്തിക്കാട്ടും.
ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കേരളത്തിലെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ മുസ്ലിം ലീഗ് ചര്‍ച്ചയാക്കും. പൊലീസിന് സംഘ്പരിവാര്‍ ബന്ധമുണ്ടെന്ന് സ്ഥാപിച്ച് സിപിഎമ്മിനെ ആക്രമിക്കാനാണ് ലീഗ് പദ്ധതി. ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി സിപിഎം മുസ്ലിം ലീഗിനു വേണ്ടി ഒത്തുകളിക്കുന്നുവെന്നതാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന ആരോപണം.
Adjust Story Font
16