എസ് എസ് എല്‍ സി ചോദ്യപേപ്പർ ചോർച്ച; പൊലീസ് അന്വേഷണം നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്
ചോദ്യകർത്താക്കൾക്ക് സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് വകുപ്പ് തല അന്വേഷണത്തില് വ്യക്തമായിരുന്നു
എസ് എസ് എല്‍ സി ചോദ്യപേപ്പർ ചോർച്ചയിൽ പോലീസ് അന്വേഷണം വേണമെന്ന നിലപാടില്‍ വിദ്യാഭ്യാസവകുപ്പ്. ഗുരുതരമായ വീഴ്ചയുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. ചോദ്യകർത്താക്കൾക്ക് സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് വകുപ്പ് തല അന്വേഷണത്തില് വ്യക്തമായിരുന്നു.
പത്താംക്ലാസ് കണക്കു പരീക്ഷയുടെ ചോദ്യപേപ്പർ ചോര്ച്ചയില് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഹയര്സെക്കന്ററി ഡയറക്ടറുടെ അന്വേഷണത്തില് ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ചോദ്യപേപ്പര് തയ്യാറാക്കിയ അധ്യാപകനെ സസ്പെന്ഡ് ചെയ്യുകയും കണക്ക് പരീക്ഷാ ബോര്ഡ് അധ്യക്ഷനെ ചുമതലകളില് നിന്ന് ആജീവനാന്തം വിലക്കുകയും ചെയ്തിരുന്നു. ഗുരുതര കൃത്യവിലോപത്തില് വകുപ്പ്തല നടപടി മാത്രം പോരെന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പിന്റേത്.
പാനലിലുളള മറ്റു ചോദ്യ കർത്താക്കൾക്ക് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജന്സികളോ ഇതുസംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് വകുപ്പിന്റെ നിലപാട്.
Adjust Story Font
16