Quantcast

നീലക്കുറിഞ്ഞി ഉദ്യാനം; പ്രദേശവാസിയായ ഒരാളെ പോലും ഒഴിപ്പിക്കില്ലെന്ന് റവന്യൂമന്ത്രി

MediaOne Logo

Jaisy

  • Published:

    28 May 2018 6:11 AM GMT

നീലക്കുറിഞ്ഞി ഉദ്യാനം; പ്രദേശവാസിയായ ഒരാളെ പോലും ഒഴിപ്പിക്കില്ലെന്ന് റവന്യൂമന്ത്രി
X

നീലക്കുറിഞ്ഞി ഉദ്യാനം; പ്രദേശവാസിയായ ഒരാളെ പോലും ഒഴിപ്പിക്കില്ലെന്ന് റവന്യൂമന്ത്രി

അത് രേഖകള്‍ ഇല്ലാത്ത ആളുകളെങ്കിലും താമസക്കാരാണെങ്കില്‍ ഒഴിപ്പിക്കില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പേരില്‍ പ്രദേശവാസിയായ ഒരാളെ പോലും താമസം ഒഴിപ്പിക്കില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. അത് രേഖകള്‍ ഇല്ലാത്ത ആളുകളെങ്കിലും താമസക്കാരാണെങ്കില്‍ ഒഴിപ്പിക്കില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാരിന്റെ പരിശോധനകള്‍ക്കും സര്‍വേ നടപടികള്‍ക്കും പ്രദേശവാസികള്‍ പൂണര്‍പിന്തുണ നല്‍കണമെന്ന് ജനപ്രതിനിധികളുമായി നടന്ന യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

2006ല്‍ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ കരട് വിജ്ഞാപനമുണ്ടായപ്പോള്‍തന്നെ ഉണ്ടായ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ സംസാരിച്ചത്. വട്ടവട പഞ്ചായത്തില്‍ 13 വാര്‍ഡുകളില്‍ പത്തും ഇപ്പോഴത്തെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവിധ ജനപ്രതിനിധികള്‍ വ്യക്തമാക്കി. 2041വീടുകളും വിവിധ സര്‍ക്കാര്‍ ഓഫീസുകളും 8 വിദ്യാഭ്യാസ സ്ഥാപനങ്ങളും62 ആരാധനാലയങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി. ഇവയെ ഉദ്യാനപരിധിയില്‍നിന്ന് ഒഴിവാക്കണമെന്നും വനംവകുപ്പ് ജണ്ട തിരിച്ചെടുത്ത സ്ഥലങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി കുറിഞ്ഞി ഉദ്യാനം സാധ്യമാക്കണമെന്നുമാണ് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഉദ്യാനത്തിന്‍റെ പരിധിയില്‍ വരുന്ന ഒരു താമസക്കാരനെപ്പോലും ഒഴിപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി മറുപടി നല്‍കി. അത് കാലങ്ങളായി താമസിക്കുന്ന മതിയായ രേഖകള്‍ ഇല്ലാത്തവര്‍ ആണെങ്കിലും അവരെയും സംരക്ഷിക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ സര്‍വേ നടപടികളോട് പ്രദേശത്തെ ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിനകം നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. 3200 ഹെക്ടര്‍ എന്നുള്ള നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പ്രദേശത്തില്‍ സര്‍വേ നടപടികള്‍ക്ക് ശേഷവും കുറവ് വരില്ലെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മന്ത്രിമാരായ കെ രാജുവും, എംഎം മണിയും യോഗത്തില്‍ സംസാരിച്ചു.

TAGS :

Next Story