Quantcast

സംവാദത്തിനുള്ള അമിത് ഷായുടെ വെല്ലുവിളി കേരളം ഏറ്റെടുത്തു, പക്ഷേ ബിജെപി ഒളിച്ചോടുന്നു: മുഖ്യമന്ത്രി

MediaOne Logo

Sithara

  • Published:

    29 May 2018 1:31 AM

സംവാദത്തിനുള്ള അമിത് ഷായുടെ വെല്ലുവിളി കേരളം ഏറ്റെടുത്തു, പക്ഷേ ബിജെപി ഒളിച്ചോടുന്നു: മുഖ്യമന്ത്രി
X

സംവാദത്തിനുള്ള അമിത് ഷായുടെ വെല്ലുവിളി കേരളം ഏറ്റെടുത്തു, പക്ഷേ ബിജെപി ഒളിച്ചോടുന്നു: മുഖ്യമന്ത്രി

വികസന ചർച്ചക്ക് വെല്ലുവിളിക്കുകയും അത് സ്വീകരിച്ചപ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്നത് മാന്യമായ രാഷ്ട്രീയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വികസന വിഷയത്തിൽ സംവാദത്തിന് തയ്യാറുണ്ടോ എന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വെല്ലുവിളി കേരളം ഏറ്റെടുത്തിട്ടുണ്ടെങ്കിലും അതിൽ നിന്ന് ഒളിച്ചോടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണ് ചൂഴ്ന്നെടുക്കുമെന്നും കൈ വെട്ടിയെടുക്കുമെന്നും തല കൊയ്യുമെന്നും ഭീഷണി മുഴക്കുന്ന ബിജെപി - ആർഎസ്എസ് നേതൃത്വം "അക്രമത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കുന്നതിനെ"ക്കുറിച്ച് പറഞ്ഞ് തുടങ്ങിയതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

രാഷ്ട്രപതിയും നിരവധി കേന്ദ്രമന്ത്രിമാരും കേരളത്തിന്റെ പുരോഗതിയെക്കുറിച്ച് ഇവിടെ വന്ന് മതിപ്പ് പ്രകടിപ്പിച്ചവരാണ്. കേരളത്തിലെ ഏക ബിജെപി എംഎൽഎക്കോ ഇവിടെ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ അംഗത്തിനോ കേരളം നേടിയ പുരോഗതിയെക്കുറിച്ച് സംശയം ഇല്ല. എന്നിട്ടും കേരളത്തിലെ ബിജെപി നേതൃത്വമാണ് ദേശീയ നേതാക്കളെയും മന്ത്രിമാരെയും കൊണ്ടുവന്ന് നിലവാരം കുറഞ്ഞ ആക്ഷേപങ്ങൾ ഉന്നയിപ്പിച്ചത്. അത് തെറ്റായിപ്പോയി എന്ന് സമ്മതിക്കാനും കേരള ജനതയോട് ക്ഷമാപണം നടത്താനും ബിജെപി സംസ്ഥാന അധ്യക്ഷൻ തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വികസന ചർച്ചക്ക് വെല്ലുവിളിക്കുകയും അത് സ്വീകരിച്ചപ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്നത് മാന്യമായ രാഷ്ട്രീയമല്ല. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത്, സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും പദ്ധതികളും നികുതി വിഹിതവും കേന്ദ്രത്തിന്റെ സൗജന്യമാണ് എന്ന മട്ടിൽ പ്രചരിപ്പിക്കുന്ന ബിജെപിയിൽ നിന്ന് ക്രിയാത്മകമായ നിലപാട് പ്രതീക്ഷിക്കാനാവില്ല. എന്നാൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും നേടാൻ ശക്തമായി ഇടപെടുന്നതോടൊപ്പം പുരോഗതി ലക്ഷ്യമിട്ട് കേന്ദ്രവുമായി ഊഷ്മളമായ ബന്ധം നിലനിർത്താനാണ് താല്‍പര്യപ്പെടുന്നത്. അത്തരം അന്തരീക്ഷം ബിജെപിക്ക് അലോസരമാകുന്നത് കൊണ്ടാണോ കേരളത്തിന്റെ വിഷയങ്ങളുമായി ഔദ്യോഗികമായി ചെല്ലുമ്പോൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുള്ള അനുവാദം പോലും തുടരെ നിഷേധിക്കുന്നത്? അങ്ങനെ രാഷ്ട്രീയ ശത്രുത സംസ്ഥാനത്തിനെതിരെ സൃഷ്ടിക്കാൻ ബിജെപി കേരളം ഘടകം ശ്രമിക്കുന്നുണ്ടോ എന്ന് പറയേണ്ടത് കുമ്മനം രാജശേഖരനാണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളം ഒന്നാമതാണ് എന്ന് ഓരോ കേരളീയനും പറയാൻ കഴിയുന്നത് വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലാണ്. ആ യാഥാർഥ്യം അംഗീകരിച്ചു കൊണ്ടു ക്രിയാത്മക സംവാദത്തിനു അമിത് ഷായെ പ്രേരിപ്പിക്കാനുള്ള സന്മനസ്സ് കുമ്മനത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

TAGS :

Next Story