മൈലാഞ്ചി മൊഞ്ചുള്ള പെരുന്നാള്‍ ഒരുക്കങ്ങളുമായി പ്രവാസികള്‍
മൈലാഞ്ചി മൊഞ്ചുള്ള പെരുന്നാള്‍ ഒരുക്കങ്ങളുമായി പ്രവാസികള്‍
റമദാന്‍ അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ ഖത്തറിലെ പ്രവാസി കുടുംബങ്ങള്‍ പെരുന്നാള്‍ ഒരുക്കങ്ങളില്‍ മുഴുകുകയാണ് .
റമദാന്‍ അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ ഖത്തറിലെ പ്രവാസി കുടുംബങ്ങള്‍ പെരുന്നാള്‍ ഒരുക്കങ്ങളില്‍ മുഴുകുകയാണ് . ഫ്ലാറ്റുകളിലും വില്ലകളിലും ഒത്തുചേര്‍ന്ന് കുട്ടികള്‍ക്ക് മൈലാഞ്ചി അണിയിച്ചു കൊണ്ടാണ് പ്രവാസികള്‍ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത് . പെരുന്നാള്‍ ദിനങ്ങളില്‍ തിരക്കേറുന്ന ഒട്ടേറെ ഹെന്ന ഡിസൈനര്‍മാരും മലയാളി വനിതകളുടെ കൂട്ടത്തിലുണ്ട്.
റമദാന്‍ വ്രതം അവസാനിക്കുന്നതിനു മുമ്പുതന്നെ പെരുന്നാളിനായുള്ള കുട്ടികളുടെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. കുഞ്ഞിളം കൈകളില്‍ മൈലാഞ്ചി ചോപ്പണിയാന്‍ മുതിര്‍ന്നവര്‍ക്കു മുമ്പിലവര്‍ അനുസരണയോടെ ഇരുന്നു. പല ഡിസൈനുകളിലുള്ള മൈലാഞ്ചി ചിത്രങ്ങള്‍ കയ്യില്‍ പതിഞ്ഞപ്പോള്‍ കുരുന്നുകളില്‍ ചിലര്‍ നൃത്തം വെച്ചു. ഇന്ത്യന്‍ ,അറേബ്യന്‍ ഡിസൈനുകളില്‍ മയിലാഞ്ചി അണിയിക്കുന്നതില്‍ ഒരു പോലെ നിപുണരായ ഈ വനിതകളില്‍ പലരും ഖത്തറിലെ കാര്‍ണിവലുകളിലും ഷോപ്പിംഗ് മാളുകളിലും നടക്കുന്ന മൈലാഞ്ചി ആഘോഷങ്ങളിലെ സ്ഥിര സാന്നിധ്യമാണ്.
കൈ നിറയെ ചിത്രങ്ങള്‍ വരക്കുന്ന കുട്ടികളില്‍ നിന്ന് വ്യത്യസ്ഥമായി മൈലാഞ്ചി ഇലയരച്ച് ചുവപ്പിക്കുന്ന പരമ്പരാഗത രീതിയോടാണ് മുതിര്‍ന്നവര്‍ക്ക് താത്പര്യം. നാട്ടിലെ പെരുന്നാള്‍ ദിനങ്ങളെ ഗൃഹാതുരതയോടെ ഓര്‍ക്കുക കൂടിയാണ് ഈ കുടുംബിനികള്‍. പെരുന്നാള്‍ കഴിയുന്നതോടെ അവധിക്ക് നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തില്‍ കൂടിയാണ് പ്രവാസി കുടുംബങ്ങളിലധികവും.
Adjust Story Font
16