കേരള കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും പരോക്ഷമായി സ്വാഗതം ചെയ്ത് ദേശാഭിമാനി
കേരള കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും പരോക്ഷമായി സ്വാഗതം ചെയ്ത് ദേശാഭിമാനി
യുഡിഎഫിന്റെ തകര്‍ച്ച മനസിലാക്കി ഈ കക്ഷികള്‍ ആത്മപരിശോധന നടത്തണം.. ആര്‍എസ്പി, ജെഡിയു കക്ഷികള്‍ പുനരാലോചന നടത്തണം..
കേരളകോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും എല്‍ഡിഎഫിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് ദേശാഭിമാനി മുഖപ്രസംഗം. യുഡിഎഫിന്റെ തകര്‍ച്ച മനസിലാക്കി ഈ കക്ഷികള്‍ ആത്മപരിശോധന നടത്തമെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. ആര്‍എസ്പി, ജെഡിയു കക്ഷികള്‍ പുനരാലോചന നടത്തണമെന്നും ദേശാഭിമാനി ആവശ്യപ്പെട്ടു.
കേരളകോണ്‍ഗ്രസുമായി പ്രശ്‌നാധിഷ്ടിത സഹകരണമാകാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ പ്രസ്താവനക്ക് പിന്നാലെയാണ് യുഡിഎഫിലെ ഘടകകക്ഷികളെ എല്‍ഡിഎഫിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് പാര്‍ട്ടി പത്രമായ ദേശാഭിമാനി മുഖപ്രസംഗം എഴുതിയത്. കേരളകോണ്‍ഗ്രസിന് പുറമേ മുസ്ലീംലീഗ്, ജെഡിയു, ആര്‍എസ്പി കക്ഷികളേയും ലക്ഷ്യമിട്ടാണ് മുഖപ്രസംഗം. ഇവരുമായി സഹകരിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ടെന്നും വര്‍ഗീയത ആരോപിച്ച് ആരേയും മാറ്റി നിര്‍ത്തുന്നതില്‍ ന്യായീകരണമില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
കേരളകോണ്‍ഗ്രസിലെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച ചരിത്രം എല്‍ഡിഎഫിനുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഫ്രാന്‍സിസ് ജോര്‍ജിന്റ നേതൃത്വത്തില്‍ കേരളകോണ്‍ഗ്രസിലെ ഒരു പ്രബലവിഭാഗം എല്‍ഡിഎഫിനൊപ്പം എത്തിയിരുന്നു. ബിജെപിയുമായി അടുക്കാനാണ് കെ എം മാണിയുടെ നീക്കമെങ്കില്‍ അത് സങ്കുചിത രാഷ്ട്രീയ നീക്കമായി വിലയിരുത്തപ്പെടും. ആര്‍എസ്പി, ജെഡിയു കക്ഷികളും പുനര്‍ചിന്തനത്തിന് തയ്യാറാകേണ്ടിവരുമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫിലെ ഭിന്നത മുതലെടുത്ത് ഇടതുമുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തേണ്ടത് ശരിയായ രാഷ്ട്രീയ കടമയാണെന്ന ന്യായീകരണവും മുഖപ്രസംഗം മുന്നോട്ട് വെക്കുന്നുണ്ട്. യു.ഡി.എഫിലെ ഭിന്നതയും കലാപവും രാഷ്ടീയമായി ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ അടവും സമീപനവും സി.പി.എമ്മും എല്‍.ഡി.എഫും സ്വീകരിക്കുമെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.
Adjust Story Font
16