വടയമ്പാടിയില്‍ സമരക്കാര്‍ക്കും മാധ്യമപ്രവര്‍ത്തര്‍ക്കും നേരെ പൊലീസ് നോക്കിനില്‍ക്കെ ആര്‍എസ്എസ് അക്രമം
വടയമ്പാടിയില്‍ സമരക്കാര്‍ക്കും മാധ്യമപ്രവര്‍ത്തര്‍ക്കും നേരെ പൊലീസ് നോക്കിനില്‍ക്കെ ആര്‍എസ്എസ് അക്രമം
കണ്‍വെന്‍ഷന്‍ തടയാന്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരേയും കയ്യേറ്റം ചെയ്തു. ആക്രമണം നടത്തിയ ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ല..
വടയമ്പാടിയിലെ ജാതിമതിൽ വിരുദ്ധ സമരം കൂടുതൽ ശക്തമാകുന്നു. ദലിത് ആത്മാഭിമാന കൺവെൻഷനെത്തിയ സാംസ്കാരിക പ്രവർത്തകര്‍ അടക്കമുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. വാർത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ സംഘടിച്ചെത്തിയ ആർഎസ്എസുകാർ കയ്യേറ്റം ചെയ്തു. ചില മാധ്യമപ്രവർത്തകരെ തിരിച്ചറിയൽ രേഖ പരിശോധിക്കാനെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
വടയമ്പാടി ഭജനമഠം മൈതാനത്ത് നടത്താനിരുന്ന ദലിത് ആത്മാഭിമാന കൺവെൻഷന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വടയമ്പാടിക്ക് തൊട്ടടുത്ത ചൂണ്ടിയിൽ വെച്ച് പോലീസ് പ്രവർത്തകരെ തടഞ്ഞു. ഇതിനിടെ സംഘടിച്ചെത്തിയ ആർഎസ്എസുകാർ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
മുദ്രാവാക്യം വിളിച്ച ദലിത് ഭൂസംരക്ഷണ സമിതി പ്രവർത്തകരെ ആർഎസ്എസുകാർ കൂവി വിളിച്ചിട്ടും പോലീസ് പ്രതികരിച്ചില്ല. പിന്നീട് ആത്മാഭിമാന കൺവെൻഷനെത്തിയവരെ മാത്രം പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ സംഘപരിവാറുകാർ മാധ്യമ പ്രവർത്തകരേയും കയ്യേറ്റം ചെയ്തു. മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ അക്രമികളെ ഒരു വശത്തേക്ക് മാറ്റി നിർത്തുക മാത്രമാണ് പോലീസ് ചെയ്തത്. ചില ഓൺലൈൻ മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട സമരസമിതി പ്രവർത്തകർ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലും പ്രതിഷേധിച്ചു.
Adjust Story Font
16