ഉമ്മൻചാണ്ടി ദേശീയ നേതൃത്വത്തിലേക്ക്
ഉമ്മൻചാണ്ടി ദേശീയ നേതൃത്വത്തിലേക്ക്
മുന്നണി രാഷ്ട്രീയം ഉൾപ്പെടെ ഉമ്മൻചാണ്ടിയുടെ പ്രായോഗിക അടവുകൾ പാര്‍ട്ടിക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
എഐസിസി ജനറൽ സെക്രട്ടറിയാകുന്നതോടെ ഉമ്മൻചാണ്ടി കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിലേക്ക് മാറും. മുന്നണി രാഷ്ട്രീയം ഉൾപ്പെടെ ഉമ്മൻചാണ്ടിയുടെ പ്രായോഗിക അടവുകൾ പാര്‍ട്ടിക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിന്റെ കേരളത്തിലെ ആഭ്യന്തര രാഷ്ട്രീയത്തിലും പുതിയ പദവി ചലനങ്ങളുണ്ടാക്കും.
ഉമ്മൻചാണ്ടിയെന്ന രാഷ്ട്രീയതന്ത്രജ്ഞനെ ദേശീയ രാഷ്ട്രീയത്തിൽ ഉപയോഗിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചതിന്‍റെ സൂചനയാണ് പുതിയ പദവി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുന്നേറുന്ന കോൺഗ്രസിന് ഉമ്മൻചാണ്ടിയുടെ സാന്നിധ്യം ഗുണകരമാകും. സംസ്ഥാന വിഭജനത്തെ തുടർന്ന് പാർട്ടിക്ക് ഏറെ പിന്നോട്ട് പോകേണ്ടിവന്ന ആന്ധ്ര പ്രദേശിന്‍റെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ ഒതുങ്ങിനിന്ന ഉമ്മൻചാണ്ടി ഇതാദ്യമായാണ് കേന്ദ്ര നേതൃത്വത്തിലേക്ക് എത്തുന്നത്.
പ്രവർത്തക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തന പാരമ്പര്യമനുസരിച്ച് ജനറല്‍ സെക്രട്ടറി സ്ഥാനം അത്ര മികച്ച പദവിയുമല്ല. എങ്കിലും കേന്ദ്രനേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടുന്നുവെന്നത് സുപ്രധാനമാണ്. ഹൈകമാൻഡുമായുള്ള ബന്ധം കുറവാണെന്ന പരിമിതി മറികടക്കാനും ഉമ്മന്‍ചാണ്ടിക്ക് ഈ പദവി സഹായകരമാകും.
പ്രതിഫലനമുണ്ടാകുക സംസ്ഥാന കോൺഗ്രസിലായിരിക്കും. വിവാദങ്ങളില്‍പെട്ട് പ്രതിച്ഛായ നഷ്ടമായിരിക്കെ ലഭിച്ച പുതിയ പദവി ഉമ്മൻചാണ്ടിയെ കൂടുതൽ കരുത്തനാക്കും.
Adjust Story Font
16