ജിഷ്ണുവിന്‍റെ കുടുംബത്തെ പരിഹസിച്ചും കുറ്റപ്പെടുത്തിയും സിപിഎം പ്രതിരോധ സംഗമം
ജിഷ്ണുവിന്‍റെ കുടുംബത്തെ പരിഹസിച്ചും കുറ്റപ്പെടുത്തിയും സിപിഎം പ്രതിരോധ സംഗമം
സത്കാരം കിട്ടുമെന്ന് കരുതി ഡിജിപി ഓഫീസിലേക്ക് സമരത്തിന് പോകരുത്. അത് താലൂക്ക് ഓഫീസോ കലക്ട്രേറ്റോ അല്ലെന്ന് എളമരം കരീം പരിഹസിച്ചു
ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ പരിഹസിച്ചും കുറ്റപ്പെടുത്തിയും വളയത്ത് സിപിഎം പ്രതിരോധ സംഗമം. പാർട്ടിയോട് ആലോചിക്കാതെ എന്തിന് ഡിജിപി ഓഫീസിന് മുന്നിൽ സമരം നടത്തിയെന്ന ചോദ്യം ഉയർത്തിയ സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം സമരത്തിന് പിന്നിൽ സർക്കാരിന് എതിരായ പദ്ധതി ഉണ്ടായിരുന്നതായും ആരോപിച്ചു. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്‍റെ അറുപതാം വാർഷികം അലങ്കോലപ്പെടുത്തുകയെന്നതായിരുന്നു അതിന്‍റെ രാഷ്ട്രീയമെന്നും എളമരം കരീം കുറ്റപ്പെടുത്തി
ഏപ്രിൽ അഞ്ചിന് തന്നെ സമരം നിശ്ചയിച്ചത് യാദൃച്ഛികമല്ലെന്നും കൃത്യമായ രാഷ്ട്രീയവും പദ്ധതിയും പിന്നിൽ ഉണ്ടായിരുന്നതായും എളമരം കരീം കുറ്റപ്പെടുത്തി. ഡിജിപി ഓഫീസിന് മുന്നിൽ സമരം നടത്താൻ എസ്.യു.സി.ഐയുമായി ചർച്ച നടത്തിയവർ എന്തുകൊണ്ട് സിപിഎമ്മുമായി ചർച്ച നടത്തിയില്ല? സിപിഎമ്മുകാർ കൂടെ കൂട്ടാൻ കൊള്ളരുതാത്തവരാണോയെന്ന ചോദ്യവും ജിഷ്ണുവിന്‍റെ കുടുംബത്തിന് നേരെ എളമരം ഉന്നയിച്ചു.
ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്തിനെ പേരെടുത്തു പറയാതെ മകൻ നഷ്ടപ്പെട്ട അമ്മയെ നേരായ വഴിക്ക് നയിക്കേണ്ടിയിരുന്നവർ അത് ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. സത്കാരം കിട്ടുമെന്ന് കരുതി ഡിജിപി ഓഫീസിലേക്ക് സമരത്തിന് പോകരുത്. അത് താലൂക്ക് ഓഫീസോ കലക്ട്രേറ്റോ അല്ലെന്നും എളമരം പരിഹസിച്ചു. പ്രതിരോധ സംഗമത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിലും നൂറ് കണക്കിന് പേർ പങ്കെടുത്തു.
Adjust Story Font
16