യുവാവിനെ മര്‍ദിച്ച സംഭവം; സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു
സംഭവം നടക്കുന്നതിന്റെ 13 ദിവസം മുമ്പുണ്ടായ സ്ഥലം മാറ്റത്തെയാണ് നടപടിയെന്ന മട്ടില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്.
ഇടത് ഗണേഷ്കുമാര്‍ എം എല്‍ എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. അനില്‍ അക്കര ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചത്. എന്നാല്‍ സംഭവം നടക്കുന്നതിന്റെ 13 ദിവസം മുമ്പുണ്ടായ സ്ഥലം മാറ്റത്തെയാണ് നടപടിയെന്ന മട്ടില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. രേഖകള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ വാദം പൊളിഞ്ഞു.
വാഹനം കടന്ന് പോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് കെ ബി ഗണേഷ്കുമാര്‍ എം എല്‍ എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ആദ്യം മുതല്‍ തന്നെ അഞ്ചല്‍ സിഐ മോഹന്‍ദാസ് ആരോപണ വിധേയനായിരുന്നു. സംഭവസമയത്ത് എംഎല്‍എയുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മര്‍ദനമേറ്റ അനന്തകൃഷ്ണന്റെ ഫോണ്‍ സിഐ പിടിച്ച് വാങ്ങിയിരുന്നു. പിന്നീട് അന്വേഷണം ഇതേ സിഐയെ തന്നെ ഏല്‍പ്പിച്ചു. ഇത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം സഭക്കകത്തും പുറത്തും ശക്തമായതോടെയാണ് സഭയില്‍ സര്‍ക്കാര്‍ വിശദീകരണം.
എന്നാല്‍ ഈ പ്രസ്താവന പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഈ ഉത്തരവ് പ്രകാരം മെയ് 30 ന് തന്നെ മോഹന്‍ദാസിനെ പൊന്‍കുന്നത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. പുതിയ അഞ്ചല്‍ സിഐയായി സതീഷ്കുമാറിനെ നിയമിച്ചുവെന്നും ഇത് ഉത്തരവിലുണ്ട്. ഇത് മറച്ചുവച്ചാണ് ഗണേഷ്കുമാറിനെ സഹായിക്കാന്‍ സര്‍ക്കാര്‍ സഭയെ തെറ്റിദ്ധരിപ്പിച്ചതെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗണേഷ്കുമാറും നീക്കം ശക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16