ജസ്നയുടെ തിരോധാനം; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ജസ്നയുടെ ഫോണിലെ സന്ദേശങ്ങൾ സൈബർ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്തു
പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ജസ്നയെക്കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ജസ്നയുടെ ഫോണിലെ സന്ദേശങ്ങൾ സൈബർ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്തു. മുണ്ടക്കയത്ത് നിർമാണം പുരോഗമിക്കുന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തി. ജസ്നയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കഴിഞ്ഞ മാർച്ച് 22ന് ജസ്നയെ കാണാതാകുന്നതിന് മുമ്പ് ജസ്നയുടെ ഫോണിൽ സ്വീകരിച്ചതും അയച്ചതുമായ വാട്സ് ആപ്പ്, എസ്എംഎസ്, ഫേസ് ബുക്ക് സന്ദേശങ്ങളാണ് സൈബർ സെൽ വിദഗ്ധർ വീണ്ടെടുത്തത്. ഫോൺ എടുക്കാതെയാണ് ജസ്ന വീട് വിട്ടിറങ്ങിയത്. ജസ്ന ആൺ സുഹൃത്തുമായി ആയിരത്തിലേറെ തവണ ഫോണിൽ സംസാരിച്ചതായി നേരത്തെ തെളിഞ്ഞിരുന്നു.
പൊലീസ് സ്ഥാപിച്ച വിവര ശേഖരണ പെട്ടിയിൽ നിന്ന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിലാണ് മുണ്ടക്കയത്ത് നിർമാണം പുരോഗമിക്കുന്ന വീട് അന്വേഷണ സംഘം പരിശോധിച്ചത്. ജസ്നയുടെ പിതാവ് ജയിംസിന്റ ഉടമസ്ഥതയിലുള്ള ജെ ജെ കൺസ്ട്രക്ഷൻസാണ് ഇവിടെ നിർമാണ ചുമതല വഹിച്ചിരുന്നത്. എന്നാൽ ഇവിടെ നിന്നും യാതൊരു തെളിവും ലഭിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായ ദൈനംദിന പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് പത്തനംതിട്ട എസ്‍പി ടി നാരായണൻ വ്യക്തമാക്കി.
Adjust Story Font
16