Quantcast

അഭിമന്യു വധം: യു.എ.പി.എ ചുമത്തുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടും

കേസുമായി ബന്ധപ്പെട്ട് നാല് പേരുടെ അറസ്റ്റാണ് പെലീസ് ഇതുവരെ രേഖപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    6 July 2018 3:35 AM GMT

അഭിമന്യു വധം: യു.എ.പി.എ ചുമത്തുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടും
X

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതികള്‍ക്കായുള്ള പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസില്‍ യു.എ.പി.എ ചുമത്തുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയേക്കും. അതേസമയം കേസുമായി ബന്ധപ്പെട്ട് നാല് പേരുടെ അറസ്റ്റാണ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

കേസിന്‍റെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്. മുഖ്യപ്രതികളെ എല്ലാം തിരിച്ചറിഞ്ഞ് കഴിഞ്ഞെന്നും പ്രതികള്‍ക്കായി വലവിരിച്ചതായും പൊലീസ് പറയുന്നു. അഭിമന്യുവിനെ കുത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാളെ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

ഒളിവിലുള്ള ചിലര്‍ സംസ്ഥാനം വിട്ടെന്നും പൊലീസ് പറയുന്നു. അവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രതികള്‍ക്കായുള്ള അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി പൊലീസ് വ്യാപിപ്പിച്ചു.

പ്രതികള്‍ ഉപയോഗിച്ച വാഹനം ഒളിപ്പിക്കാന്‍ കൂട്ടുനിന്നെന്ന കുറ്റത്തിന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ സൈഫുദ്ദീനെ ഇന്നലെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രാദേശിക തലത്തില്‍ ക്യാപംസ് ഫ്രണ്ടിന് സഹായം നല്‍കിയവരെ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തും.

കേസില്‍ പിടിക്കപ്പെട്ടവര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്നും ഇന്നലെ കൊച്ചിയിലെത്തിയ ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. അതേസമയം കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിനും സാധ്യതയുണ്ട്.

TAGS :

Next Story