ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് പി എസ് ശ്രീധരന്‍ പിള്ള
സംസ്ഥാന പ്രസിഡന്റിനെ സംബന്ധിച്ച് ബിജെപിയിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പി എസ് ശ്രീധരൻ പിള്ളയെ പ്രസിഡന്റാക്കി ഒത്തുതീർപ്പ് ഫോർമുലക്ക് ദേശീയ നേതൃത്വം നീക്കം ആരംഭിച്ചു.
- Published:
28 July 2018 8:25 AM GMT
സംസ്ഥാന പ്രസിഡന്റിനെ സംബന്ധിച്ച് ബിജെപിയിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പി എസ് ശ്രീധരൻ പിള്ളയെ പ്രസിഡന്റാക്കി ഒത്തുതീർപ്പ് ഫോർമുലക്ക് ദേശീയ നേതൃത്വം നീക്കം ആരംഭിച്ചു. പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടുത്ത വിഭാഗീയത നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. ആർ എസ് എസിന് കൂടി താൽപര്യമുള്ളയാളായതിനാൽ ശ്രീധരൻപിള്ളയെ തെരഞ്ഞെടുക്കാനാണ് ധാരണ.
കുമ്മനത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി ഗവർണറാക്കിയപ്പോൾ വേഗത്തിൽ പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനായി നിരവധി ചർച്ചകൾ നടത്തിയിട്ടും ഫലം കണ്ടില്ല. പാർട്ടിയിൽ ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് തർക്ക മുന്നയിച്ചതോടെ കേന്ദ്ര നേതൃത്വം വെട്ടിലായി. ആർ എസ് എസ് നേതൃത്വത്തിന് കൂടി തൃപ്തിയുള്ള ആളെ തീരുമാനിക്കാൻ കഴിയാതെ കുഴങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീധരൻ പിള്ളയുടെ പേര് ഉയർന്ന് വന്നത്. തർക്കത്തിലുള്ള ഇരു വിഭാഗങ്ങൾക്കും ശ്രീധരൻ പിള്ള സ്വീകാര്യനല്ലെങ്കിലും ആർ എസ് എസ് അനുകൂലമായി നിലപാടെടുക്കുമെന്നാണ് സൂചന. ബി ഡി ജെ എസ് അടക്കമുള്ള കേരളത്തിലെ എൻ ഡി എ ഘടകകക്ഷികൾക്കും പിള്ള സ്വീകാര്യനാണ്.
ശ്രീധരൻ പിള്ള പ്രസിഡന്റായിരുന്ന കാലത്താണ് സംസ്ഥാനത്ത് ബി ജെ പിയുടെ വോട്ടിംഗ് ശതമാനമുയർന്നതെന്നത് കേന്ദ്ര നേതൃത്വം അനുകൂലമായി കാണുന്നു. സംസ്ഥാനത്ത് എൻഎസ്എസ് , എസ് എൻ ഡി പി അടക്കമുള്ള സമുദായ സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നയാളെന്നത് ശ്രീധരൻ പിള്ളക്ക് മുതൽകൂട്ടാവും. ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും എൻ ഡി എ മുന്നണിയെ ശക്തിപ്പെടുത്തുകയും ചെയ്യാൻ ശ്രീധരൻ പിള്ള പ്രസിഡന്റായാൽ സാധ്യമാകുമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടൽ. പിള്ളയെ പ്രസിഡന്റാകാനുള്ള ആശയ വിനിമയങ്ങളുടെ അവസാനഘട്ടത്തിലാണ് ദേശീയ നേതൃത്വം എന്നാണ് സൂചനകൾ.
Adjust Story Font
16