‘കോഴിക്കോട്ടെ കനോലി കനാല്‍ നമുക്കൊന്ന് നന്നാക്കിയാലോ? ജനകീയ പങ്കാളിത്തം അഭ്യര്‍ത്ഥിച്ച് കളക്ടര്‍
കോഴിക്കോട്ടെ കനോലി കനാല്‍ നന്നാക്കുന്നതിനായി ജനകീയ പങ്കാളിത്തം അഭ്യര്‍ത്ഥിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ്. ഫേസ്ബുക്കിലൂടെയായിരുന്നു കളക്ടറുടെ അഭ്യര്‍ത്ഥന. നഗരത്തിനുള്ളിലൂടെയുള്ള കനാലുകളും തോടുകളും ലോകത്തിലെ പല നഗരങ്ങളും അഭിമാനത്തോടെ നില നിർത്തുന്ന ഒരു അലങ്കാരമാണ്. നമ്മൾ കോഴിക്കോട്ടുകാർക്കാണെങ്കിൽ ഇന്ന് വൃത്തിഹീനമായ ഈ കനാൽ ഒരു ബാദ്ധ്യത ആയി മാറിയിട്ടുണ്ട് എന്ന് എഴുതി തുടങ്ങുന്ന കളക്ടര്‍
നഗരത്തിന്റെ ഹൃദയഭാഗത്ത് തെളിനീരൊഴുകുന്ന ഒരു ജലപാതയാണ് സ്വപ്നം. അതിമോഹമെന്നും നടക്കാത്ത കാര്യമെന്നും പലരും പറഞ്ഞേക്കാം. പക്ഷെ സ്വപ്നത്തിൽ പിശുക്ക് കാണിക്കാൻ തുടങ്ങിയാൽ മൊത്തം പണി പാളും എന്ന് ഒരു പ്രമാണമുണ്ട്. സുന്ദരമായ കനോലി കനാൽ കോഴിക്കോട് നഗരത്തിന് സാധ്യമായ ഒരു സ്വപ്നമാണ് എന്നു തന്നെയാണ് കരുതുന്നത് എന്നെഴുതിയാണ് അവസാനിക്കുന്നത്.
കളക്ടറുടെ ഫേസ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം;
കുറെയേറെ കാലമായി കനോലി കനാൽ ഒരു പ്രശ്നമാണ്. നഗരത്തിനുള്ളിലൂടെയുള്ള കനാലുകളും തോടുകളും ലോകത്തിലെ പല നഗരങ്ങളും അഭിമാനത്തോടെ നില നിർത്തുന്ന ഒരു അലങ്കാരമാണ്. നമ്മൾ കോഴിക്കോട്ടുകാർക്കാണെങ്കിൽ ഇന്ന് വൃത്തിഹീനമായ ഈ കനാൽ ഒരു ബാദ്ധ്യത ആയി മാറിയിട്ടുണ്ട്. കനാലിൽ കെട്ടിക്കിടക്കുന്ന മലിനജലം ഇന്ന് അടുത്തുള്ള കുടിവെള്ള സ്രോതസ്സുകൾക്ക് കൂടി ഭീഷണിയാണ്.
കനോലി കനാൽ എന്ത് ചെയ്യും എന്നതിനെ പറ്റി കാലാകാലങ്ങളിൽ ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. പ്രശ്നങ്ങൾ ഏറെയാണ്. കനാലിന്റെ ഉടമസ്ഥാവകാശം, മാലിന്യങ്ങൾ കനാലിൽ തള്ളുന്ന പ്രശ്നം, കനാലിന്റെ പരിസരത്ത് പലയിടത്തുമുള്ള ഭൂമി കയ്യേറ്റം, പല ഭാഗത്തും ഇടിഞ്ഞു വീഴാറായ കനാൽ ഭിത്തി, അങ്ങനെ പലതും.
കനോലി കനാൽ സർവ്വെ ചെയ്യുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ചില ഭാഗങ്ങളിലെ കൈയ്യേറ്റങ്ങൾ ഇതിനകം തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കല്ലായിപ്പുഴ-കനോലി കനാൽ പരിസരങ്ങളിലായി 25 ഏക്കറിലധികം വരുന്ന ഭൂമി കയ്യേറ്റങ്ങൾ കണ്ടു പിടിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ശക്തമായ നടപടികൾ തുടങ്ങിക്കഴിഞ്ഞു. സരോവരത്തിനടുത്ത് 40 കോടിയോളം വിലമതിക്കുന്ന സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയത് ഒഴിപ്പിച്ചത് ഈയിടെയാണ്.
സർക്കാർ സർക്കാരേതര സംവിധാനങ്ങൾ ബഹുജന പങ്കാളിത്തത്തോടെ ശ്രമിച്ചാൽ കോഴിക്കോട് നഗരത്തിന്റെ അഭിമാന ചിഹ്നമായി മാറ്റാൻ സാധ്യതകൾ ഒട്ടേറെയുള്ള ഒരു പ്രദേശമാണ് ഇത്. നമുക്ക് എല്ലാവർക്കും ചേർന്ന് ഒരു കൈ നോക്കിയാലോ?
കനോലി കനാൽ നവീകരണത്തിനായുള്ള സമഗ്രമായ ഒരു രൂപരേഖ തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇവ സമയ ബന്ധിതമായ ഒരു പ്രവൃത്തി പദ്ധതിയിലേക്ക് എത്തിക്കേണ്ടതുണ്ട്.
നഗരത്തിന്റെ ഹൃദയഭാഗത്ത് തെളിനീരൊഴുകുന്ന ഒരു ജലപാതയാണ് സ്വപ്നം.
അതിമോഹമെന്നും നടക്കാത്ത കാര്യമെന്നും പലരും പറഞ്ഞേക്കാം. പക്ഷെ സ്വപ്നത്തിൽ പിശുക്ക് കാണിക്കാൻ തുടങ്ങിയാൽ മൊത്തം പണി പാളും എന്ന് ഒരു പ്രമാണമുണ്ട്. സുന്ദരമായ കനോലി കനാൽ കോഴിക്കോട് നഗരത്തിന് സാധ്യമായ ഒരു സ്വപ്നമാണ് എന്നു തന്നെയാണ് കരുതുന്നത്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
Adjust Story Font
16