Quantcast

ശബരിമല തീര്‍ത്ഥാടനത്തിന് താല്‍കാലിക വിലക്ക്

പമ്പാ നദിയില്‍ ജലനിരപ്പ് അപകടകരമായി ഉയര്‍ന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് താല്‍കാലിക വിലക്ക് .

MediaOne Logo

Web Desk

  • Published:

    14 Aug 2018 3:40 AM GMT

ശബരിമല തീര്‍ത്ഥാടനത്തിന് താല്‍കാലിക വിലക്ക്
X

പമ്പാ നദിയില്‍ ജലനിരപ്പ് അപകടകരമായി ഉയര്‍ന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് താല്‍കാലിക വിലക്ക്. നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കാനിരിക്കുമെങ്കിലും ഭക്തര്‍ തീര്‍ത്ഥയാത്ര മാറ്റിവെക്കണമെന്ന് ജില്ലാ ഭരണകൂടവും തിരുവിതാംകൂര്‍ ദേവസ്വവും ആവശ്യപ്പെട്ടു. പമ്പ ത്രിവേണിയില്‍ കനത്ത ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചുപമ്പ, കക്കി, മൂഴിയാര്‍ അണക്കെട്ടുകള്‍ തുറന്നതിനാല്‍ പമ്പ നദിയില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നു. നിലവില്‍ പമ്പാ ത്രിവേണി വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ശബരിമലയിലേക്ക് എത്തുന്നതിന് പമ്പയ്ക്ക് കുറുകെ ത്രിവേണിയിലുള്ള രണ്ട് പാലങ്ങളിലൂടെയും വെള്ളം കുത്തിയൊഴുകുന്നുണ്ട്. നദി മുറിച്ച് കടന്ന് തീര്‍ത്ഥാടകര്‍ക്ക് പോകാനാവാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് തീര്‍ത്ഥാടനത്തിന് അധികൃതര്‍ താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തുറന്ന ഡാമുകള്‍ താല്‍കാലികമായി അടച്ച് തീര്‍ത്ഥാടനം സുഗമമാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ് എന്നിവരടങ്ങുന്ന ഉന്നത തല സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഡാമുകള്‍ അടയ്ക്കുന്നത് സുരക്ഷിതമല്ലെന്ന വിദഗ്ധ ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീര്‍ത്ഥാടകരെ വിലക്കുന്നതെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.

പ്രദേശത്ത് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകരായി എത്തുന്നവരെ പൊലീസ് മടക്കി അയക്കും. നിലവില്‍ ത്രിവേണിയും പരിസരവും പൊലീസ് വടംകെട്ടി ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. നിറപുത്തരി പൂജയ്ക്കായി ഇന്ന് വൈകിട്ട് 5നാണ് നട തുറക്കുന്നത്. നാളെ രാവിലെ 6നും 6.30നും ഇടയിലാണ് നിറപുത്തരി ചടങ്ങ്. ചിങ്ങമാസ പൂജകൾക്കായി 16ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. തുടർന്ന് അഞ്ച് ദിവസം ക്ഷേത്രത്തിൽ പതിവ് പൂജകളും നെയ്യഭിഷേകവും നടക്കും. 21ന് രാത്രി നട അടയ്ക്കും.

TAGS :

Next Story