സാനിറ്ററി നാപ്കിന്‍ വേണമെന്ന പോസ്റ്റിൽ അശ്ലീല കമൻറ്; ലുലു ജീവനക്കാരന്റെ ജോലി പോയി
സാനിറ്ററി നാപ്കിനുകൾ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റിൽ കുറച്ച് ഗർഭനിരോധന ഉറകൾ കൂടി അയക്കണമെന്നാണ് ഇയാൾ കമൻറ് ചെയ്തത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ജാതി മത ഭേദമന്യേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
- Published:
20 Aug 2018 1:00 AM GMT
പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമൻറിട്ട കോഴിക്കോട് സ്വദേശിയുടെ ജോലി നഷ്ടമായി. ബോഷർ ലുലുവിൽ ജോലി ചെയ്യുന്ന നരിക്കുനി സ്വദേശി രാഹുൽ സി.പി പുത്തലത്തിനെ പിരിച്ചുവിട്ടതായി ലുലു ഒമാൻ അധികൃതർ പറഞ്ഞു. സാനിറ്ററി നാപ്കിനുകൾ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റിൽ ‘കുറച്ച് ഗർഭ നിരോധന ഉറകൾ കൂടി അയക്കണോ’ എന്നാണ് ഇയാൾ കമൻറ് ചെയ്തത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ജാതി മത ഭേദമന്യേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
ലുലു ഗ്രൂപ്പിന്റെറയും ചെയർമാൻ യൂസുഫലിയുടെയും ഫേസ്ബുക്ക് പേജുകളിൽ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ കമൻറിട്ടിരുന്നു. കേരളത്തിലെ വെള്ളപ്പൊക്ക സാഹചര്യത്തിൽ തീർത്തും അപകീർത്തിപരമായ കമൻറാണ് ഇയാളുടേതെന്നും ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും വെച്ചുപുറപ്പിക്കില്ലെന്നും ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു.
കമൻറ് വിവാദമായതോടെ ഇയാൾ ഫേസ്ബുക്ക് ലൈവിൽ മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു. മദ്യപിച്ച് സ്വബോധത്തിൽ അല്ലായിരുന്ന സമയത്തായിരുന്നു കമൻറിട്ടതെന്നും അറിവില്ലായ്മ കൊണ്ട് പറ്റിപോയ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ലൈവിൽ പറഞ്ഞത്.
Adjust Story Font
16