പകര്‍ച്ചവ്യാധി ഭീഷണിയില്‍ ആലപ്പുഴ,വയനാട് ജില്ലകള്‍
പ്രളയാനന്തര കാലത്ത് സംസ്ഥാനത്ത് തന്നെ പകര്‍ച്ചവ്യാധി ഭീഷണി ഏറ്റവും കൂടുതല്‍ നില നില്‍ക്കുന്ന ജില്ലയാണ് ആലപ്പുഴ. കുട്ടനാട് മേഖലയില്‍ വെള്ളം കെട്ടി നില്‍ക്കുന്നതാണ് പ്രധാനമായും ആലപ്പുഴ ജില്ലയില്‍ എലിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികളുടെ ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം നാലു പേര്‍ക്ക് ജില്ലയില്‍ എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
വെള്ളപ്പൊക്കം കഴിഞ്ഞ് വെള്ളം താഴ്ന്നു തുടങ്ങി അതിന്റെ ഒഴുക്ക് നിലക്കുമ്പോഴാണ് ജലജന്യ രോഗങ്ങളും വെള്ളത്തിലൂടെ പകരാന്‍ സാദ്ധ്യതയുള്ള എലിപ്പനി അടക്കമുള്ള രോഗങ്ങളും പടര്‍ന്നു പിടിക്കുന്നത്. കുട്ടനാട്ടില്‍ ഇനിയും വെള്ളം പൂര്‍ണമായി ഇറങ്ങാതിരിക്കുകയും കെട്ടിക്കിടക്കുകയും ചെയ്യുന്നതിനാല്‍ എലിപ്പനി, ചിക്കന്‍ പോക്സ്, ഡെങ്കിപ്പനി, കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ എന്നിവയെല്ലാം പടരാന്‍ സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ കുട്ടനാട് മേഖലയിലേക്ക് പോകുന്ന എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ മരുന്ന് നല്‍കുന്നുണ്ട്. എന്നാല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ച ആരും കുട്ടനാട് മേഖലയിലുള്ളവരല്ല എന്നതും ശ്രദ്ധേയമാണ്.
കുട്ടനാട്ടിലുള്ളവരും അങ്ങോട്ടു പോകുന്നവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമ്പോള്‍ നഗര പ്രദേശങ്ങളിലുള്ളവര്‍ അത് വേണ്ടത്ര ഗൌരവത്തിലെടുക്കാത്ത അവസ്ഥയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മലിന ജലം കെട്ടിക്കിടക്കുന്ന നഗര പ്രദേശങ്ങളും പകര്‍ച്ച വ്യാധി ഭീഷണി നിലനില്‍ക്കുന്നവയാണെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നു.
അതേസമയം വയനാട് ജില്ലയെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ ഭൂഘടനയാണ്. ജില്ലയില്‍ വെള്ളപ്പൊക്കം ഉണ്ടായാല്‍ വെള്ളമിറങ്ങുന്നതിന് കൂടുതല്‍ സമയമെടുക്കും . അതുകൊണ്ട് തന്നെ ജലജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യത കൂടുതലാണ്. മഴമാറിയതോടെ ജില്ലയില്‍ പനിബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 581 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. വയറിളക്കം ബാധിച്ച് 66 പേര്‍ ചികിത്സ തേടിയെത്തി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ എലിപ്പനി ബാധിച്ചവരുടെ എണ്ണം കുറവാണ്.
ജില്ലയില്‍ കഴിഞ്ഞ മാസം 13 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 29 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തി. രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 109 എലിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5 പേര്‍ എലിപ്പനി ബാധിച്ചു മരിച്ചു. എലിപ്പനി പടരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ സെപ്തംബര്‍ നാലാം തീയ്യതി എലിപ്പനി ജാഗ്രതാ ദിനമായി ആചരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Adjust Story Font
16