കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ തുടരുന്നു; സമരം ചെയ്ത വിദ്യാര്‍ത്ഥിയെ പുറത്താക്കി
കേന്ദ്രസര്‍വ്വകലാശാല വൈസ്ചാന്‍സിലറെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അസഭ്യം പറഞ്ഞെന്നാരോപിച്ചാണ് രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയായ അഖില്‍ താഴത്തിനെ പുറത്താക്കിയത്
കേരള കേന്ദ്രസര്‍വ്വകലാശാല വിസിയെ സമൂഹ്യ മാധ്യമങ്ങള്‍ വഴി അസഭ്യം പറഞ്ഞെന്നാരോപിച്ച് വിദ്യാര്‍ഥിയെ പുറത്താക്കി. രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയായ അഖില്‍ താഴത്തിനെയാണ് പുറത്താക്കിയത്. എന്നാല്‍ സര്‍വകലാശാലക്കെതിരായി സമരം ചെയ്തതിലുള്ള പ്രതികാര നടപടിയായാണ് വിദ്യാര്‍ഥിയെ പുറത്താക്കിയതെന്നും ആക്ഷേപമുണ്ട്.
കേന്ദ്രസര്‍വ്വകലാശാല വൈസ്ചാന്‍സിലറെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അസഭ്യം പറഞ്ഞുവെന്നാണ് അഖിലിനെതിരെയുള്ള കുറ്റം. ജൂണ്‍ 25നാണ് അഖിലിനെ അന്വേഷണ വിധേയമായി താല്‍കാലികമായി നീക്കം ചെയ്തത്. ജൂലൈ 22 നും ആഗസ്റ്റ് 16 നും അന്വേഷണ സമിതിക്ക് മുമ്പാകെ അഖില്‍ ഹാജരായിരുന്നു.
സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ക്കെതിരെ വിവിധ സമയങ്ങളിലായി അഖില്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. ഈ സമരങ്ങളിലെ പങ്കാളിത്തമാണ് അഖിലിനെ പുറത്താക്കുന്നതിന് കാരണമെന്നും ആക്ഷേപമുണ്ട്. സമരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ അധികൃതര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതായി നേരത്തെതന്നെ പരാതി ഉയര്‍ന്നിരുന്നു.
ക്യാമ്പസിലെ ഫയര്‍ ആന്റ് സേഫ്റ്റി ഉപകരണത്തിന്റെ ഗ്ലാസ് ചില്ല് തകര്‍ത്തുവെന്നതിന്റെ പേരില്‍ ദളിത് വിദ്യാര്‍ത്ഥിയായ ജി നാഗരാജുവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുചെയ്തിരുന്നു.
Adjust Story Font
16