‘ആര്‍.എസ്.എസിന് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു’ കെ.എന്‍ ബാലഗോപാല്‍
ദൈവങ്ങളുടെ പേരില്‍ നിഷ്‌കളങ്കരായ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്ന ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പ്രളയകാലത്ത് ആരും കണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല വിഷയത്തില്‍ കോൺഗ്രസ്സിനും ആര്‍എസ്എസിനും രൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എന്‍ ബാലഗോപാല്‍. ജനാധിപത്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് നടത്തുന്നത്. ജനങ്ങള്‍ നേരിടുന്ന നീറുന്ന പ്രശ്‌നങ്ങള്‍ മറച്ചു പിടിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസിന് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ശേഷിക്കുന്ന ജനപിന്തുണ കൂടി ഇതോടെ നഷ്ടപ്പെടുമെന്നും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ കേരളത്തെയും മാറ്റാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനും ബി.ജെ.പിക്കും ശബരിമല വിഷയത്തില്‍ വ്യക്തമായ അജണ്ടയുണ്ടെന്നും ബാലഗോപാൽ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ ഇനിയും തെറ്റിദ്ധരിപ്പിക്കാന്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും കഴിയില്ല. കേരളത്തിന്റെ നവോത്ഥാന ചരിത്രം അത്രയേറെ ഈ മണ്ണില്‍ വേരുറച്ചതാണ്. ദൈവങ്ങളുടെ പേരില്‍ നിഷ്‌കളങ്കരായ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്ന ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പ്രളയകാലത്ത് ആരും കണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
സുപ്രീംകോടതി സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോ സെന്ററല്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ പറഞ്ഞിട്ടല്ല ശബരിമല വിഷയത്തില്‍ സുപ്രീംകോടതി നിലപാടെടുത്തത്. എല്ലാ മേഖലകളിലും വലിയ മുന്നേറ്റം കാഴ്ചവെക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ വര്‍ഗ്ഗീയ കക്ഷികളും കോണ്‍ഗ്രസും ചേര്‍ന്നു നടത്തുന്ന കള്ളപ്രചാരണങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും വര്‍ഗ്ഗീയതക്കെതിരെയുള്ള പോരാട്ടങ്ങള്‍ സി.പി.ഐ.എം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16