നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി; പ്രതിഷേധവുമായെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതിഷേധക്കാര്‍ എത്തിയത് അയ്യപ്പഭക്തരുടെ വേഷം ധരിച്ച് യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടെ അഞ്ചുപേരാണ് ഇന്ന് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കാനെത്തിയത്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന നിലക്കലിലും പമ്പയിലും ഇന്നും പ്രതിഷേധം. നിരോധനാജ്ഞ ലംഘിക്കുമെന്ന് പ്രഖ്യാപിച്ച് ബി ജെ പി യാണ് നിലക്കലില്‍ പ്രകടനം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച വനിതാ മാധ്യമ പ്രവര്‍ത്തകയെ തടഞ്ഞു. സന്നിധാനം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ നിരോധനാജ്ഞ നാളെ രാത്രി 12 വരെ തുടരും.
ഇന്നലെ ഉണ്ടായ വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിലക്കലും സന്നിധാനവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചിതറിയോടിയ പ്രതിഷേധകര്‍ പലരും പലമേഖലകളില്‍ തമ്പടിച്ചിരുന്നു. ഇവരാണ് ഇന്നും പ്രതിഷേധവുമായി എത്തിയത്.
നിരോധനാജ്ഞ ലംഘിക്കുമെന്ന ബി.ജെ.പി പ്രസിഡന്റ് ശ്രീധരന് പിള്ളയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒരു സംഘം ആളുകള്‍ പ്രതിഷേധവുമായി എത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാര്‍ എത്തിയത് അയ്യപ്പഭക്തരുടെ വേഷം ധരിച്ചാണ്. യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു ഉള്‍പ്പടെ അഞ്ചുപേരാണ് ഇന്ന് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കാനെത്തിയത്. സന്നിധാനം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്.
നിലക്കലില്‍ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള അല്പം മുമ്പാണ് പറഞ്ഞത്. 41 പേര് 5 ദിവസം നിലക്കലില്‍ പ്രതിഷേധസമരം നടത്തുമെന്നും യുവമോര്‍ച്ച പ്രവര്‍ത്തകരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്. പൊലീസ് അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന് പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.
നിരോധനാജ്ഞ ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജന് മുന്നറിയിപ്പ് നല്കി. പമ്പയുള്‍പ്പെടെയുള്ള മേഖലകളില്‍ പ്രതിഷേധക്കാര്‍ തങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16