തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ് സ്ഥലം കയ്യേറിയെന്ന് രേഖ
ഒഴിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല; നവംബര്‍ 27ന് ഹാജരാകാന്‍ നോട്ടീസ്
തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ് 4 ഏക്കര്‍ 9 സെന്റ് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി വീട് വെച്ച് താമസിക്കുന്നതായി സര്‍ക്കാര്‍ രേഖ. ജോര്‍ജ് എം തോമസിന്റേയും സഹോദരങ്ങളുടേയും 16 ഏക്കര്‍ 40 സെന്റ് ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കാന്‍ രണ്ടായിരത്തില്‍ ലാന്‍റ് ബോര്‍ഡ് ഉത്തരവിട്ടിരുന്നെങ്കിലും എതിര്‍പ്പ് മൂലം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ സ്ഥലത്തിന് പട്ടയമുണ്ടന്ന നിലപാടിലാണ് എം.എല്‍.എ.
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ വില്ലേജില്‍ ദേവസ്വംകാടെന്ന സ്ഥലത്ത് റീസര്‍വ്വേ 188/2 ൽ പെട്ട മിച്ച ഭൂമിയാണ് ജോര്‍ജ് എം തോമസ് എം.എല്‍.എയും സഹോദരങ്ങളും കൂടി കൈവശം വെച്ചിരിക്കുന്നതെന്നാണ് ലാന്റ് ബോര്‍ഡ് സര്‍വ്വേ നടത്തി കണ്ടെത്തിയത്.16 ഏക്കര്‍ 40 സെന്റ് ഭൂമി തിരിച്ചെടുക്കണമെന്നും 28-01-2000ത്തില്‍ ലാന്റ് ബോര്‍ഡ് ഉത്തരവിട്ടു.
ഇതില്‍ നാലേക്കര്‍ 9 സെന്റ് ഭൂമിയാണ് എംഎല്‍എയുടെ പേരിലുള്ളത്.മിച്ചഭൂമിയായി കണ്ടെത്തിയ 2 ഏക്കര്‍ സ്ഥലം പിന്നീട് എംഎല്‍എ വാങ്ങുകയും ചെയ്തു.1977 മുതല്‍ വീട് വെച്ച് സ്ഥിരതാമസമാക്കിയ സ്ഥലത്ത് നിന്ന് ഇറങ്ങാനാവില്ലന്ന് എംഎല്‍എയും ബന്ധുക്കളും നിലപാടെടുത്തതോടെ ഉത്തരവ് നടപ്പിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലന്നാണ് അനൌദ്യോഗിമായി ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്.
ഈ ഭൂമിയില്‍ പെട്ട കുറച്ച് സ്ഥലങ്ങള്‍ എം.എല്‍.എയും ബന്ധുക്കളും വിറ്റിട്ടുണ്ട്. ഇവരിപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് നവംബര്‍ 27ന് ഹാജരാകാന്‍ താലൂക്ക് ലാനറ് ബോര്‍ഡ് എംഎല്‍എക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Adjust Story Font
16