പാലക്കാട് നഗരസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെയുള്ള അവിശ്വാസ പ്രമേയം നാളെ വോട്ടിനിടും
സി.പി.എം അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന
ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ അദ്ധ്യക്ഷയ്ക്കും ഉപാദ്ധ്യക്ഷനുമെതിരെ യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം നാളെ വോട്ടിനിടും. ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ സംസ്ഥാനത്തെ ഏക നഗരസഭാ ഭരണവും ബി.ജെ.പിയ്ക്ക് നഷ്ടമാവും. സി.പി.എം അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന.
പാലക്കാട് നഗരസഭയില്‍ ഒരു ലീഗ് അംഗത്തിന്റെ അംഗത്വം ചോദ്യം ചെയ്ത കേസ് നിലനില്‍ക്കുന്നതിനാല്‍ യു.ഡി.എഫിന് വോട്ടവകാശമുള്ള പതിനേഴ് അംഗങ്ങളാണുള്ളത്. അമ്പത്തിരണ്ടംഗ നഗരസഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ പതിനെട്ട് പേരുടെ പിന്തുണ വേണമെന്നതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ആകെയുള്ള 5 സ്ഥിരം സമിതികളില്‍ നാലെണ്ണത്തിലും അടുത്തിടെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങള്‍ പാസ്സാവുകയും ബി.ജെ.പിക്ക് അദ്ധ്യക്ഷ സ്ഥാനങ്ങള്‍ നഷ്ടമാവുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഭരണകക്ഷിയായ ബി.ജെ.പിക്ക് ആകെ ഇരുപത്തിനാലംഗങ്ങളാണുള്ളത്. 27 വോട്ട് ലഭിച്ചാലേ അവിശ്വാസം പാസ്സാവൂ. സി.പി.എമ്മിന് ആകെയുള്ള ഒമ്പതംഗങ്ങളുടെ കൂടി പിന്തുണ ലഭിച്ചാലേ 27 വോട്ട് തികയൂ. സി.പി.എം നേതൃത്വം ഇതുവരെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവര്‍ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
എന്നാല്‍ സ്ഥിരം സമിതികളില്‍ രണ്ടെണ്ണത്തില്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് സി.പി.എം ഏകപക്ഷീയമായി മത്സരിക്കുകയും കോണ്‍ഗ്രസിന്‍ പിന്മാറേണ്ടി വരികയും ചെയ്തതിന്റെ അസ്വാരസ്യം പ്രതിപക്ഷത്ത് നിലനില്‍ക്കുന്നുണ്ട്. ഇത് മുതലെടുക്കാന്‍ ബി.ജെ.പിയ്ക്ക് കഴിയുകയോ പ്രതിപക്ഷത്തെ ഒരു വോട്ടെങ്കിലും അസാധുവാവുകയോ ചെയ്താല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടും.
Adjust Story Font
16