വാക്കുതര്‍ക്കം: യുവാവിനെ ഡി.വൈ.എസ്.പി പിടിച്ചു തള്ളി, വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം
നാട്ടുകാര്‍ റോഡ് ഉപരോധിച്ചു; നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി പരിധിയില്‍ ഹര്‍ത്താല്‍
തിരുവനന്തപുരം നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ഡി.വൈ.എസ്.പി യുവാവിനെ മര്‍ദ്ദിച്ച് കൊന്നതായി ആരോപണം. കൊടങ്ങാവിള സ്വദേശി സനലാണ് മരിച്ചത്. വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇന്ന് അതിയന്നൂര്‍ പഞ്ചായത്തിലും നെയ്യാറ്റിന്‍കാര മുനിസിപ്പാലിറ്റിയിലും സംയുക്ത ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡി.വൈ.എസ്.പി ഒളിവിലാണ്.
കൊടങ്ങാവിളയിലെ വനിത സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഡി.വൈ.എസ്.പി ബി. ഹരികുമാര്‍. വീട്ടില്‍ നിന്ന് ഇറങ്ങി കാര്‍ എടുക്കാന്‍ എത്തിയപ്പോഴാണ് സനലിന്റെ വാഹനം സമീപത്ത് നിര്‍ത്തിയിട്ടത് കണ്ടത്. ഇതോടെ കാര്‍ മാറ്റി തരാന്‍ ഡി.വൈ.എസ്.പി സനലിനോട് ആവശ്യപ്പട്ടു. സിവില്‍ ഡ്രെസ്സിലായിരുന്ന ഡി.വൈ.എസ്.പിയെ സനലിന് തിരിച്ചറിയാനായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഹരികുമാര്‍ സനലിനെ തള്ളിയിടുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രാത്രി വൈകി കൊടുങ്ങാവിള റോഡ് ഉപരോധിച്ചു. സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി. റൂറൽ എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സനലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലും അതിയന്നൂര്‍ പഞ്ചായത്തിലും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16