Quantcast

ശബരിമലയിലെ സംഘർഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

MediaOne Logo

Web Desk

  • Published:

    13 Nov 2018 9:32 AM GMT

ശബരിമലയിലെ സംഘർഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
X

ചിത്തിരയാട്ട വിശേഷ പൂജാസമയത്ത് ശബരിമലയിൽ ഉണ്ടായ സംഘർഷത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി.

ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്നായിരുന്നു സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷല്‍ കമ്മീഷണര്‍ എം.മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഈ സാഹചര്യം മുതലെടുത്തേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് നട തുറന്നപ്പോള്‍ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നെന്നും സ്‌പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ ശ്രീധരൻ പിള്ളക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രസംഗത്തെ തുടർന്ന് സന്നിധാനത്ത് സംഘർഷമുണ്ടായതായും സ്ത്രീകളെ വരെ തടഞ്ഞതായും സർക്കാർ കോടതിയെ അറിയിച്ചു. രഥയാത്രയിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കാൻ ശ്രമിക്കുന്നതായും സർക്കാർ ചൂണ്ടിക്കാട്ടി.

പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിമാറ്റി തനിക്കെതിരെ തെറ്റിദ്ധാരണ പരത്തിയാണ് കേസെടുത്തതെന്ന് ശ്രീധരന്‍പിള്ളയും കോടതിയെ അറിയിച്ചു. ഹരജി വിശദ വാദത്തിനായി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

TAGS :

Next Story