Quantcast

ശബരിമല വിഷയത്തില്‍ ഇന്ന് നിര്‍ണായക ദിനം;49 റിവ്യൂ ഹരജികളും 4 റിട്ടുകളും സുപ്രിം കോടതിയില്‍

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് രാവിലെ 11 മണിയോടെ റിട്ടുകള്‍ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബഞ്ച് വൈകിട്ട് മൂന്നിന് ചേംബറിലാണ് പുനപരിശോധന ഹരജികള്‍ കേള്‍ക്കുന്നത്.

MediaOne Logo

Web Desk

  • Published:

    13 Nov 2018 2:34 AM GMT

ശബരിമല വിഷയത്തില്‍ ഇന്ന് നിര്‍ണായക ദിനം;49 റിവ്യൂ ഹരജികളും 4 റിട്ടുകളും സുപ്രിം കോടതിയില്‍
X

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശം അനുവദിച്ച വിധിയുടെ ഭാവി സുപ്രിം കോടതി ഇന്ന് നിര്‍ണയിക്കും. വിധിക്കെതിരായ 49 പുനപരിശോധന ഹരജികളും 4 റിട്ട് ഹരജികളും കോടതിയുടെ മുന്നില്‍ വരും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് രാവിലെ 11 മണിയോടെ റിട്ടുകള്‍ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബഞ്ച് വൈകിട്ട് മൂന്നിന് ചേംബറിലാണ് പുനപരിശോധന ഹരജികള്‍ കേള്‍ക്കുന്നത്.

രണ്ട് തവണ നട തുറന്നെങ്കിലും ഇതുവരെ നടപ്പാക്കാനാകാത്ത വിധിയാണ് ശബരമില സ്ത്രീപ്രവേശം. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ നേതൃത്വത്തില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് സെപ്റ്റംബര്‍ 28 ന് പറഞ്ഞ ഈ വിധിക്കെതിരെ അന്ന് തൊട്ട് പ്രതിഷേധം ശക്തം , ഒപ്പം നിയമ നടപടികളും. വിധി വന്ന് രണ്ടാം ദിനം തന്നെ ദേശീയ അയ്യപ്പ ഭക്ത അസോസിയേഷനും‍ എന്‍. എസ്.എസും പുനപരിശോധന ഹരജി സമര്‍പ്പിച്ചു. അതൊരു തുടക്കമായിരുന്നു. ഒരു കൂട്ടം അയ്യപ്പ ഭക്തര്‍, ശബരിമല ആചാര സംരക്ഷണ സമിതി അങ്ങനെ ഒന്നരമാസം കൊണ്ട് 49 ഹരജികള്‍. കേസില്‍ കക്ഷികല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. എന്‍.എസ്. എസ് അടക്കമുള്ള സംഘടനകള്‍ പുനപരിശോധന ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കാനായി പലതവണ അപേക്ഷിച്ചെങ്കിലും ചീഫ് ജസ്റ്റിസ് വഴങ്ങിയില്ല.

തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകനായ ജി.വിജയകുമാർ എസ്. ജയ്കുമാർ, മുംബൈ മലയാളി ഷൈലജ വിജയൻ അടക്കമുള്ളവരുടെ നാല് റിട്ട് ഹരജികളും ഇതിനിടെ കോടതിയിലെത്തി. എല്ലാം ഒന്നിച്ച് പരിഗണിക്കുമെന്ന് കോടതി ആദ്യം സൂചന നല്‍കി. പിന്നീട് റിട്ടുകള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിക്കുമെന്ന് വ്യക്തത വരുത്തി. കോടതി തീരുമാനം എന്ത് തന്നെ ആയാലും അത് അംഗീകരിക്കും എന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡുള്ളത് ,ഇന്ന് ഇക്കാര്യം കോടതിയെ അറിയിച്ചേക്കും. ആവശ്യമെങ്കില്‍ വിധി നടപ്പാക്കുന്നതിലുള്ള ബുദ്ധിമുട്ട് ഉള്‍കൊള്ളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിംഗ് ദേവസ്വത്തിനായി ഹാജരാകും.

TAGS :

Next Story