Quantcast

പളളി തര്‍ക്കം: യാക്കോബായ വിഭാഗത്തിന്‍റെ ഹരജി തള്ളി

ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ത്ഥനക്ക് അനുമതി നല്‍കിയ കീഴ്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് യാക്കോബായ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്

MediaOne Logo

Web Desk

  • Published:

    18 Dec 2018 12:17 PM GMT

പളളി തര്‍ക്കം: യാക്കോബായ വിഭാഗത്തിന്‍റെ ഹരജി തള്ളി
X

കോതമംഗലം ചെറിയ പളളിയിലെ പ്രാര്‍ഥനാ തര്‍ക്കത്തില്‍ യാക്കോബായ വിഭാഗം സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ത്ഥനക്ക് അനുമതി നല്‍കിയ കീഴ്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് യാക്കോബായ വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവ് നടപ്പാക്കിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന പൊലീസ് റിപ്പോര്‍ട്ടിനെയും കോടതി വിമര്‍ശിച്ചു.

കോതമംഗലം ചെറിയ പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുമതി നല്‍കി മുന്‍സിഫ് കോടതിയാണ് ഉത്തരവിട്ടത്. കോടതി ഉത്തരവിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. കോടതി ഉത്തരവനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം പ്രാര്‍ഥന നടത്തിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പൊലീസിനെ കോടതി വിമര്‍ശിച്ചത്.

രാജ്യത്ത് പൊലീസ് ആക്ട് മാത്രമല്ല നിലവിലുളളതെന്നും ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടങ്ങളുമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതി ഉത്തരവനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ഥനയ്ക്ക് പൊലീസ് ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭ നിയമിച്ച വൈദികന് മതപരമായ ചടങ്ങുകള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ സൌകര്യമൊരുക്കണമെന്നും കോടതി ഉത്തരവിട്ടു.

TAGS :

Next Story