Quantcast

ഉത്തരവുണ്ടായിട്ടും നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല

മദ്യക്കടത്ത് കേസില്‍ പ്രതിയായ യൂണിയന്‍ നേതാവിനെ അസാധാരണ ഉത്തരവിലൂടെ ജോലിയില്‍ തിരികെ എടുക്കുന്നതിനിടെയാണ് അര്‍ഹതപ്പെട്ട നിരവധി പേരെ തഴയുന്നത്. 

MediaOne Logo

Web Desk

  • Published:

    19 Jun 2019 1:54 AM GMT

ഉത്തരവുണ്ടായിട്ടും നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല
X

കോടതി ഉത്തരവും സര്‍ക്കാര്‍ ഉത്തരവും ഉണ്ടായിട്ടും നെല്ലിയാമ്പതിയിലെ ഓറഞ്ച് ഫാമിലെ നൂറിലധികം വരുന്ന തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യറാകുന്നില്ല. മദ്യക്കടത്ത് കേസില്‍ പ്രതിയായ യൂണിയന്‍ നേതാവിനെ അസാധാരണ ഉത്തരവിലൂടെ ജോലിയില്‍ തിരികെ എടുക്കുന്നതിനിടെയാണ് അര്‍ഹതപ്പെട്ട നിരവധി പേരെ തഴയുന്നത്. 2010ല്‍ പുതുക്കി ഇറക്കിയ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം പഴയ ഉത്തരവ് നടപ്പിലാക്കിയതാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്.

കൃഷി വകുപ്പിന് കീഴിലുള്ള ഫാമുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന 2837 തൊഴിലാളികളെ താല്‍കാലിക തൊഴിലാളികളായി നിയമിക്കണമെന്ന് 2008ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.എന്നാല്‍ ഇത്ര അധികം തൊഴിലാളികളില്ലാത്തതിനാല്‍ 2010ല്‍ പുതിയ ഉത്തരവിറക്കി. ഈ ഉത്തരവ് പ്രകാരം 2000 ഡിസംബര്‍ 12 വരെ ജോലി ചെയ്തവര്‍ക്ക് താല്‍കാലിക നിയമനം നല്‍കണമെന്ന് പറയുന്നു. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ നിയമനം പഴയ ഉത്തരവ് പ്രകാരമാണ് നടപ്പിലാക്കിയത് .ഇതൊട നൂറ്റി പതിനെന്ന് പേര്‍ പട്ടികയില്‍ നിന്നും പുറത്തായി. പുതിയ ഉത്തരവ് നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ട് മാസങ്ങള്‍ പിന്നിട്ടും യാതെരു നടപടിയും സ്വീകരിക്കുന്നില്ല.

പുതിയ ഉത്തരവ് നടപ്പിലാകാത്തതിനാല്‍ നേരത്തെ ജോലി ചെയ്ത പലരും തൊഴില്‍ രഹിതരായി തുടരുകയാണ്. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നടപ്പിലാക്കാന്‍ 9 വര്‍ഷമായിട്ടും ഉദ്യോഗസ്ഥര്‍ തയ്യറായില്ലെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകൂടിയാണ് പുറത്ത് വരുന്നത്.നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ ഒരു വര്‍ഷത്തോളമായി സമരത്തിലാണ്.

TAGS :

Next Story