എതിര്‍പ്പുകള്‍ അവസാനിച്ചു, കെപിഎ മജീദ് വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ഹൈദരലി തങ്ങൾ
"സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ചിലയിടങ്ങളിലുണ്ടായ എതിർപ്പുകൾ പെട്ടെന്നുണ്ടായ വികാരപ്രകടനങ്ങളാണ്"
കെപിഎ മജീദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ അവസാനിച്ചെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ. സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തിയുണ്ടാകേണ്ട കാരണമുണ്ടായിരുന്നില്ല എന്നും മജീദ് വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തങ്ങൾ പറഞ്ഞു.
'മജീദിനെതിരെ എതിർപ്പുയരുന്നത് എന്തു കൊണ്ടാണെന്നറിയില്ല. ചിലപ്പോൾ തെറ്റിദ്ധാരണയാകാം. പ്രാർഥിച്ചപ്പോൾ കൈയുയർത്തിയില്ല എന്നൊക്കെയുള്ള ആരോപണങ്ങളാണ് മുമ്പ് അദ്ദേഹത്തിനെതിരെ ചിലർ പ്രചരിപ്പിച്ചത്. ലീഗ് പരിപാടികളിൽ സ്ഥിരമായി പ്രാർഥനകളിൽ പങ്കെടുക്കുന്നതും ചിലപ്പോൾ തുടക്കം കുറിക്കുന്നതും അദ്ദേഹമാണ്. മുസ്‌ലിംലീഗിൽ വിവിധ മതസംഘടനകളിൽ ഉള്ളവരുണ്ട്. മുജാഹിദ് ആശയക്കാരും സുന്നികളുമുണ്ട്. പാർട്ടിയിലുള്ള മറ്റു മുജാഹിദുകളുടെ അത്ര മുജാഹിദ് പോലുമല്ല മജീദ്. അദ്ദേഹം സുന്നി പള്ളിയുടെ ഭാരവാഹി കൂടിയാണ്' - തങ്ങൾ കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ചിലയിടങ്ങളിലുണ്ടായ എതിർപ്പുകൾ പെട്ടെന്നുണ്ടായ വികാരപ്രകടനങ്ങളാണ്. അതെല്ലാം പരിഹരിച്ചു. മജീദിന്റെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തിയുണ്ടാകേണ്ട കാര്യമുണ്ടായിരുന്നില്ല. ഇപ്പോൾ അവിടെ പ്രശ്‌നങ്ങളൊന്നുമില്ല. വലിയ ഭൂരിപക്ഷത്തിന് മജീദ് ജയിക്കും- അദ്ദേഹം വ്യക്തമാക്കി.
കളമശ്ശേരിയിൽ അഹമ്മദ് കബീർ ഉൾപ്പെടെയുള്ള നേതാക്കളുമായി സംസാരിച്ച് പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ട് എന്നും ഹൈദരലി തങ്ങൾ പറഞ്ഞു. ലീഗ് വനിതകൾക്ക് സീറ്റു കൊടുക്കുന്നില്ല എന്നു പറയുന്നവർ മറ്റു പാർട്ടികളിലെ സ്ത്രീ അനുപാതം കൂടി നോക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16