"ആഴ്ച്ചക്കാഴ്ച്ചക്ക് എംഎൽഎയെ മാറ്റാൻ ഇനി ഞങ്ങൾക്ക് കഴിയൂല്ല": കുഞ്ഞാലിക്കുട്ടിയോട് മത്സരിക്കാന്‍ ലീഗ് അനുഭാവി
ഇത്രയും കാലം താന്‍ മുസ്‍ലിം ലീഗിന്‍റെ കൂടെയായിരുന്നുവെന്നും ഇപ്പോള്‍ ലീഗിനെതിരെ മത്സരിക്കാന്‍ ഒരു കാരണമുണ്ടെന്നും സബാഹ്
വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുട്ടിയോട് മത്സരിക്കാന്‍ ഒരു അപ്രതീക്ഷിത സ്ഥാനാര്‍ഥിയുണ്ട്. മുസ്‍ലിം ലീഗ് അനുഭാവിയായ കെ പി സബാഹ് ആണ് ആ സ്വതന്ത്ര സ്ഥാനാര്‍ഥി. എസ്ഡിപിഐ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് സബാഹിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്രയും കാലം താന്‍ മുസ്‍ലിം ലീഗിന്‍റെ കൂടെയായിരുന്നുവെന്നും ഇപ്പോള്‍ ലീഗിനെതിരെ മത്സരിക്കാന്‍ ഒരു കാരണമുണ്ടെന്നും സബാഹ് പറയുന്നു.
"എനിക്ക് ഒരു പാര്‍ട്ടിയിലും മെമ്പര്‍ഷിപ്പില്ല. പക്ഷേ ഇക്കാലമത്രയും ലീഗിന്‍റെ കൂടെയാണ് നിന്നിട്ടുള്ളത്. ലീഗിന്‍റെ ഇത്തവണത്തെ സ്ഥാനാര്‍ഥി വന്നു പോയി, വന്നു പോയി എന്ന നിലയിലുള്ള ആളായതിനാല്‍ വേങ്ങരക്കാര്‍ക്ക് എതിര്‍പ്പുണ്ട്. എല്ലാ വേങ്ങരക്കാരുടെയും പ്രതിഷേധം എന്ന നിലയിലാണ് ജനകീയ സ്ഥാനാര്‍ഥിയായി ഞാന്‍ മത്സരിക്കുന്നത്. അല്ലെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചേനെ. ലീഗിന്‍റെ ഭാരവാഹികള്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥിയാകാന്‍ സമ്മര്‍ദം ചെലുത്തി.
വേങ്ങരക്കാര്‍ക്ക് സ്വന്തമായി എംഎല്‍എ വേണം. ആഴ്ചക്കാഴ്ചക്ക് എംഎല്‍എയെ മാറ്റാന്‍ വേങ്ങരക്കാര്‍ക്ക് ഇനി കഴിയൂല്ല. അത് വേങ്ങരക്കാര്‍ക്ക് മാനക്കേടായി. സ്ഥിരമായി വോട്ട് ചെയ്യാനുള്ള മെഷീനാകാന്‍ ഞങ്ങള്‍ക്ക് ആവൂല്ല. ഒരുപാട് ഭീഷണികള്‍ വന്നിട്ടുണ്ട്. ഏത് ഭീഷണിയെയും ഞാന്‍ നേരിടും. തുടര്‍ഭരണം വരുമെന്നാണ് നിങ്ങളുടെ ചാനലുകളിലൊക്കെ കാണുന്നത്. അപ്പോ കുഞ്ഞാലിക്കുട്ടി ജയിക്കുകയാണെങ്കില്‍ വീണ്ടും രാജിവെക്കും. ഇനി 5 കൊല്ലത്തിന് വേങ്ങരക്കാരനായ ഒരു എംഎല്‍എ വേങ്ങരക്കാര്‍ക്ക് വേണം. ഫുട്ബോള്‍ എന്ന ചിഹ്നത്തിലാണ് ഞാന്‍ മത്സരിക്കുന്നത്. എന്‍റെ ജീവന്‍ പോയാ മാത്രമേയുള്ളൂ. അല്ലാതെ ജയിച്ചാല്‍ ഞാനൊരിക്കലും രാജി വെയ്ക്കില്ല. വേങ്ങരക്കാരുടെ കൂടെയുണ്ടാകും".
താന്‍ ലീഗിന് എതിരല്ലെന്നും സബാഹ് പറയുന്നു. കുഞ്ഞാലിക്കുട്ടിയുടെ ചാടിക്കളിക്ക് എതിരായാണ് തന്‍റെ സ്ഥാനാര്‍ഥിത്വം. ലീഗിന്‍റെ സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ അനുഗ്രഹത്തോടെയാണ് സ്ഥാനാര്‍ഥിയായത്. എല്ലാ പാര്‍ട്ടിയില്‍ പെട്ടവരുടെയും പിന്തുണയുണ്ട്. ജയിക്കുമെന്ന് 100 ശതമാനം ഉറപ്പാണെന്നും സബാഹ് അവകാശപ്പെട്ടു.
Adjust Story Font
16