'ആരെങ്കിലും സമ്മതിക്കുമോ തനിക്ക് കള്ളവോട്ടുണ്ടെന്ന്?' സത്യവാങ്മൂലം നല്‍കണമെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് ചെന്നിത്തല
ഇരട്ടവോട്ടുള്ളവരുടെ പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല.
ഇരട്ടവോട്ടുള്ളവരുടെ പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല. നാലുലക്ഷത്തി മുപ്പത്തിനാലായിരം വ്യാജ വോട്ടര്‍മാരുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെബ്സൈറ്റ് മുഖേന പുറത്തുവിടുമെന്നാണ് മാധ്യമങ്ങള്‍ മുമ്പാകെ അറിയിച്ചത്. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാകും വിവരങ്ങള്‍ പുറത്തുവിടുകയെന്നും അദ്ദഹം വ്യക്തമാക്കി.
'4,34,000 ഇരട്ട വോട്ടുകള്‍ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ വ്യാജന്‍മാരുണ്ട്. വെബ്‌സൈറ്റിലൂടെ ഇന്ന് രാത്രി വ്യാജവോട്ടര്‍മാരുടെ ലിസ്റ്റ് പുറത്തുവിടും. ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഇത് പരിശോധിക്കാം. ലിസ്റ്റ് പരിശോധിച്ച ശേഷം രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ചെയ്യേണ്ട കാര്യമാണിത്'. ചെന്നിത്തല പറഞ്ഞു.
ഇരട്ട വോട്ടുള്ളവര്‍ സത്യവാങ്മൂലം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സില്ലായില്ലെന്ന് പറഞ്ഞ ചെന്നിത്തല ഇതൊരു തമാശയായിട്ടേ തോന്നുന്നുള്ളുവെന്നും വിമര്‍ശിച്ചു. 'കള്ളവോട്ട് ചെയ്യുന്നയാള്‍ ബൂത്തില്‍ സത്യവാങ്മൂലം കൊടുക്കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ..? രണ്ട് വോട്ടുള്ള ആരെങ്കിലും തനിക്ക് രണ്ട് വോട്ടുണ്ടെന്ന് സമ്മതിക്കുമോ..?' പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
'38000 ഇരട്ട വോട്ടുകളേ ഉള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഒരിക്കലും ശരിയല്ല. അവര്‍ വേണ്ട രീതിയില്‍ പരിശോധിച്ചിട്ടില്ല. ഒന്നിലധികം വോട്ടുള്ളവരെ കണ്ടെത്താന്‍ ബി.എല്‍.ഒമാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല. ബി.എല്‍.ഒമാര്‍ക്ക് അവരുടെ ബൂത്തിലെ കാര്യം മാത്രമേ അറിയൂ. അടുത്ത ബൂത്തിലും പഞ്ചായത്തിലും വോട്ടുള്ളവരുടെ കാര്യം അവര്‍ക്കറിയില്ല. പോസ്റ്റല്‍ വോട്ട് ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം'. ചെന്നിത്തല പറഞ്ഞു.
Adjust Story Font
16