ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് എട്ട് വർഷത്തിനിടെ സർക്കാർ നൽകിയത് 395 കോടി
ദേവസ്വം ക്ഷേത്രങ്ങളുടെ പണം സർക്കാർ വകമാറ്റുന്നു എന്ന സംഘ്പരിവാർ പ്രചാരണത്തിനിടെയാണ് സർക്കാർ നിയമസഭയിൽ കണക്കുകൾ വിശദീകരിച്ചത്.
തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് കഴിഞ്ഞ എട്ട് വർഷത്തിനിടെ സർക്കാർ നൽകിയത് 395 കോടി. ഇതിന് പുറമെ ശബരിമലക്ക് പ്രത്യേക ഫണ്ടും നൽകി. ദേവസ്വം ക്ഷേത്രങ്ങളുടെ പണം സർക്കാർ വകമാറ്റുന്നു എന്ന സംഘ്പരിവാർ പ്രചാരണത്തിനിടെയാണ് സർക്കാർ നിയമസഭയിൽ കണക്കുകൾ വിശദീകരിച്ചത്.
ശബരിമല പ്രക്ഷോഭം നടന്നപ്പോഴും നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകളിലും സർക്കാരിനെതിരെ സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്ന് പടച്ചുവിട്ട ആയുധമായിരുന്നു ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വരുമാനം. സർക്കാർ ആവശ്യങ്ങൾക്കായി ഈ തുക വകമാറ്റുന്നതായിട്ടായിരുന്നു കുപ്രചരണം. എന്നാൽ ക്ഷേത്രങ്ങളുടെ പരിപാലനത്തിനും സുഖകരമായ നടത്തിപ്പിനും സർക്കാർ വിവിധ ദേവസ്വങ്ങൾക്ക് നൽകിയത് കോടികളുടെ സഹായമെന്നതാണ് വസ്തുത. ഇതിന്റെ കണക്ക് ദേവസ്വം വകുപ്പ് നിയമസഭയെ അറിയിച്ചു.
എട്ട് വർഷത്തിനിടെ ദേവസ്വം ബോർഡുകൾക്കായി സർക്കാർ അനുവദിച്ചത് 394.99 കോടി രൂപയാണ്. ഇതിൽ തിരുവിതാംകൂർ ദേവസ്വത്തിന് 144 കോടി. കൊച്ചിൻ ദേവസ്വം ബോർഡിന് 26 കോടി, മലബാർ ദേവസ്വം 223 കോടി, കൂടൽമാണിക്യം 15 ലക്ഷം രൂപ എന്നിങ്ങനെയാണ് കണക്ക്. കൂടാതെ ശബരിമല മാസ്റ്റർ പ്ലാൻ ഉന്നതാധികാര സമിതിക്ക് അനുവദിച്ചത് 77.99 കോടി രൂപയും. ഇതിന് പുറമെ ഓരോ ശബരിമല മണ്ഡലകാലത്തും പോലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകൾ തുക അനുവദിക്കുന്നുമുണ്ട്.
Adjust Story Font
16