കണ്ണൂരിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്നു
വിജനമായ സ്ഥലത്ത് ഇറക്കിവിട്ട ശേഷം സംഘം രക്ഷപ്പെട്ടു
കണ്ണൂർ: ചക്കരക്കല്ലിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു പണം കവർന്നതായി പരാതി. കമാൽ പീടിക സ്വദേശി റഫീക്കിനെയാണ് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. പിന്നിൽ തൻ്റെ കടയിലെ ജീവനക്കാരനെ സംശയിക്കുന്നതായി റഫീഖ് പറഞ്ഞു. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് സംഭവം.
ബംഗളൂരുവിൽ ബേക്കറി നടത്തുകയാണ് റഫീഖ്. ഇവിടെ നിന്നും ബസിൽ ഏച്ചൂർ കമാൽ പീടികയിലെത്തിയ റഫീഖിനെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്നാണ് പരാതി. തുടർന്ന് ക്രൂരമായി മർദിച്ച ശേഷം കൈയിലുണ്ടായിരുന്ന ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നും റഫീഖ് പറയുന്നു.തുടർന്ന് കാപ്പാട് ഭാഗത്തെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ട ശേഷം സംഘം രക്ഷപ്പെട്ടു.
ഇതിലൂടെ കടന്നുപോയ ഓട്ടോറിക്ഷ ഡ്രൈവറാണ് റഫീഖിനെ വീട്ടിലെത്തിച്ചത്. ഭാര്യയുടെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാനായി കൊണ്ടുവന്ന പണമാണ് സംഘം തട്ടിയെടുത്തതെന്നും റഫീഖ് പറയുന്നു. നാലു പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ മുഖംമൂടി ധരിച്ചിരുന്നു. ബംഗളൂരുവിലെ തൻ്റെ ബേക്കറിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ എന്ന് സംശയിക്കുന്നതായും റഫീഖ് പറഞ്ഞു.
മർദ്ദനത്തിൽ പരിക്കേറ്റ റഫീഖ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ചക്കരക്കൽ പൊലീസ് പറഞ്ഞു.
Adjust Story Font
16