യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസ്; സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ
തട്ടിപ്പ് പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞ്
കൊല്ലം: പുനലൂരിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. ആലപ്പുഴ സ്വദേശി കുഞ്ഞുമോൾ, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിന് ഇരയായത്. ജ്വല്ലറിയിൽവെച്ചാണ് കാവാലം സ്വദേശി കുഞ്ഞുമോളെയും ഡ്രൈവറായ പോത്തൻകോട് സ്വദേശി നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത്. പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ ഗിരീഷിനെ കൊല്ലം പുനലൂരിൽ എത്തിച്ചു. തുടർന്ന് കുഞ്ഞുമോളുടെ പരിചയക്കാരനായ ശ്രീകുമാർ എന്നയാളുമായി ഇവർ കൂടിക്കാഴ്ച നടത്തി. സ്വർണം കാണാതെ പണം നൽകില്ലെന്ന് ഗിരീഷ് പറഞ്ഞതിനെ തുടർന്ന് കുഞ്ഞുമോളും നിജാസും ഗിരീഷും വന്ന കാറിൽ തന്നെ മടങ്ങാൻ തുടങ്ങി. നെല്ലിപ്പള്ളി പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ കുഞ്ഞുമോൾക്ക് ശ്രീകുമാറിന്റെ ഫോൺകോൾ എത്തി. തുടർന്ന് ഗിരീഷിനെ ശ്രീകുമാറും കൂട്ടാളിയും കാത്തുനിന്ന സ്ഥലത്ത് എത്തിച്ചു. അവിടെ നിന്ന് ഗിരീഷിനെ ചെമ്മന്തൂരിലേക്ക് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആക്രമിക്കുകയായിരുന്നു.
ഗിരീഷിന്റെ ബാഗിൽ ഉണ്ടായിരുന്ന അഞ്ചര ലക്ഷം രൂപ സംഘം കവർന്നു, ഫോണും തട്ടിയെടുത്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് നിന്ന ഗിരീഷിനെ ആശുപത്രിയിൽ എത്തിച്ചത്. സിസിടിവികൾ പരിശോധിച്ച പുനലൂർ പൊലീസ് കുഞ്ഞുമോളും നിജാസും രക്ഷപ്പെട്ട കാർ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊട്ടാരക്കര ഭാഗത്തു നിന്ന് കാർ കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്തു. ഗിരീഷിൽ നിന്നും തട്ടിയെടുത്ത പണത്തിന്റെ ഒരു വിഹിതവും കാറിൽ നിന്ന് ലഭിച്ചു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. പ്രതികൾക്ക് എതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16