എ. വിജയരാഘവന്റെ വർഗീയ പ്രസ്താവന ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ
ഹിന്ദി ഓൺലൈൻ മാധ്യമങ്ങളടക്കം വാർത്ത നൽകിയിട്ടുണ്ട്
കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവെൻറ പ്രസ്താവന ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ. ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസിനുള്ള ബന്ധം ചൂണ്ടിക്കാണിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവനക്ക് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു സിപിഎം നേതാവ് കോൺഗ്രസിനെ ആക്രമിക്കുന്നതെന്ന് ഒരു ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
‘ടൈംസ് നൗ’ മുൻ എഡിറ്റർ ഇൻ ചീഫായ രാഹുൽ ശിവശങ്കർ ഉൾപ്പെടെയുള്ളവരും വിജയരാഘവെൻറ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദി ഓൺലൈൻ മാധ്യമങ്ങളും ഈ വാർത്ത നൽകിയിട്ടുണ്ട്. വിജയരാഘവൻ മുമ്പ് നടത്തിയ വർഗീയ പരാമർശങ്ങളും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
സിപിഎം വയനാട് ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് എ. വിജയരാഘവന്‍റെ വിവാദ പരാമർശം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച് ഡൽഹിയിൽ എത്തിയത് മുസ്‌ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നാണ് വിജയരാഘവൻ പറഞ്ഞത്.
അവരുടെ പിന്തുണ ഇല്ലെങ്കിൽ രാഹുൽ ഗാന്ധി ജയിക്കുമായിരുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ ഓരോ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട വർഗീയ, തീവ്രവാദ ഘടകങ്ങൾ ആയിരുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു.
പ്രസ്താവനക്കെതിരെ സംസ്ഥാനത്ത് പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. സിപിഎം ഭൂരിപക്ഷ വർഗീയത ഇളക്കിവിടുകയാണെന്നും ബിജെപി ഉത്തരേന്ത്യയിൽ നടപ്പാക്കുന്ന നയമാണ് സിപിഎം കേരളത്തിൽ ചെയ്യുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ പ്രതിഷേധം ഉയരുേമ്പാഴും, ദേശീയതലത്തിൽ വലതുപക്ഷ മാധ്യമങ്ങളടക്കം കേരളത്തിനും കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരായ വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ് വിജയരാഘവെൻറ വാക്കുകൾ.
Adjust Story Font
16