'കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചപ്പോള്‍, ശിക്ഷിച്ചത് സഹകരണ മേഖലയെ'; മുഖ്യമന്ത്രിക്കെതിരെ അബ്ദുള്ളക്കുട്ടി
നെറികെട്ട അഭിശപ്ത കൂട്ടുകെട്ട് തടയാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം കളത്തിലിറങ്ങാന്‍ അവസരമുണ്ടാക്കരുതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
മലപ്പുറത്തെ എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കേന്ദ്ര ഇടപെടലിനെ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. മുങ്ങികൊണ്ടിരിക്കുന്ന കരുവന്നൂർ, എ.ആര്‍ ബാങ്കുകൾക്ക് ഖജനാവിലെ കാശ് കൊടുക്കാനുള്ള പരിപാടിയാണെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ കയ്യുംകെട്ടി നോക്കി നിൽക്കുമെന്ന് മുഖ്യമന്ത്രി മനപ്പായസമുണ്ണേണ്ടെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
പിണറായി വിജയൻ കെ.ടി ജലീലിനെ തള്ളി പറഞ്ഞ് കുഞ്ഞാലികുട്ടിയെ തലോടിയത് കേരളത്തിലെ സഹകാരികൾക്ക് സഹിക്കാൻ പറ്റില്ല. കുഞ്ഞാലികുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ പിതാമഹാൻമാർ കെട്ടിപ്പെടുത്ത ഒരു വലിയ പ്രസ്ഥാനത്തെയാണ് മുഖ്യമന്ത്രി ശിക്ഷിച്ചതെന്നും സഹകരണ മേഖല നിങ്ങൾക്ക് മാപ്പ് തരുമെന്ന് തോന്നുന്നില്ലെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ നെറികെട്ട അഭിശപ്ത കൂട്ടുകെട്ട് തടയാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം കളത്തിലിറങ്ങാന്‍ അവസരമുണ്ടാക്കരുതെന്ന മുന്നറിയിപ്പും അബ്ദുള്ളക്കുട്ടി നല്‍കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,
സഖാവ് പിണറായി വിജയൻ കെ ടി ജലീലിനെ തള്ളി പറഞ്ഞ് കുഞ്ഞാലികുട്ടിയെ തലോടിയത് കേരളത്തിലെ സഹകാരികൾക്ക് സഹിക്കാൻ പറ്റുന്ന ഒന്നല്ല. കാരണം എ.ആര്‍ നഗർ , കരുവന്നൂർ തുടങ്ങിയ ബേങ്കുകളിലെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് പുറത്ത് വന്നപ്പോൾ അവിടെയുള്ള നിക്ഷേപകർ മാത്രമല്ല, കേരളത്തിലെ എല്ലാ സഹകരണ ബേങ്ക് നിക്ഷേപകരും വലിയ ആശങ്കയിലാണ്.
സഹകരണ ബേങ്കിലെ ഒരു സംഘം തട്ടിപ്പ് കാരായ എലികളെ കൊല്ലുന്നതിന് പകരം ആ മഹാപ്രസ്ഥാനമായ സഹകരണ ഇല്ലത്തിന് തീ കൊളുത്ത നിലപാട് ആയിപ്പോയി പിണറായിടേത്. ഈ പ്രസ്താവന കുഞ്ഞാലികുട്ടിയെ സഹായിക്കാനാണ് എന്ന് ഉറപ്പാണ്. അത് പ്രത്യുപകാരമാവാം, പണ്ട് എസ്.എന്‍.സി ലാവ്‌ലിൻ കേസിൽ പിണറായിയെ കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്?
പക്ഷെ, മിസ്റ്റർ പിണറായി നിങ്ങൾ കുഞ്ഞാലികുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ സ്വാതന്ത്ര്യ പിതാമാഹാൻമാർ കെട്ടിപ്പെടുത്ത ഒരു വലിയ പ്രസ്ഥാനത്തെയാണ് ശിക്ഷിച്ചത്. സഹകരണ മേഖല നിങ്ങൾക്ക് മാപ്പ് തരുമെന്ന് തോന്നുന്നില്ല.
നമ്മുടെ നാട്ടിൽ കള്ളപ്പണം സൂക്ഷിക്കാൻ പറ്റുന്ന സുരക്ഷിത മേഖലയാക്കി സഹകരണ സെസൈറ്റികളെ മാറ്റിയത് ആരാണ്? അത് സംബന്ധിച്ച് RBI യും, EDയും അന്വേഷിക്കുന്നതിന് എന്തിനാണ് ഭയപ്പെടുന്നത്?
റബ് കോവിലും റെയ്ഡ് കോവിലും കമ്മ്യൂണിസ്റ്റ്കാരും, റബർമാർക്കറ്റിംങ് സൊസൈറ്റിയിൽ കോൺഗ്രസുകാരും നടത്തിയ കൊള്ളയും, അഴിമതിയും മൂലം ഉണ്ടായ കടം കേരള ഖജാനാവിൽ നിന്ന് 350 കോടി രൂപ നൽകി രക്ഷപ്പെടുത്തിയത് പോലെ, മുങ്ങികൊണ്ടിരിക്കുന്ന കരുവന്നൂർ, എ.ആര്‍ ബാങ്കുകൾക്ക് ഖജനാവിലെ കാശ് കൊടുക്കാനുള്ള പരിപാടിയിലേക്കാണോ? എങ്കിൽ കേരളത്തിലെ ജനങ്ങൾ കയ്യുംകെട്ടി നോക്കി നിൽക്കുമെന്ന് മുഖ്യമന്ത്രി മനപ്പായസമുണ്ണണ്ട.
നിങ്ങളുടെ നെറികെട്ട അഭിശപ്ത കൂട്ട് കെട്ട് തടയാൻ കേന്ദ്ര സഹകരണ മന്ത്രലാലയം കളത്തിലിറങ്ങാൻ അവസരമുണ്ടാക്കരുത്.
കെ.ടി. ജലീലിനെ തള്ളിപ്പറഞ്ഞുകൊണ്ട്, കേരളത്തിലെ സഹകരണ ബാങ്കുകളില്‍, പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുടെ എ.ആര്‍.നഗര്‍ ബാങ്കില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്ന വിചിത്രമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു. 1200 കോടിയോളം കള്ളപ്പണം കൂമ്പാരമായി കിടക്കുന്നു എന്ന വിഷയത്തില്‍ അന്വേഷണം നടക്കാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തടയുന്നത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പിനും കേന്ദ്ര സഹകരണ മന്ത്രാലയത്തിനും പരാതി കൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.
Adjust Story Font
16